സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്, പമ്പയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഇത് റെഡ് അലേർട്ടായാണ് അണകെട്ട് തുറക്കും അതിനാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും കനത്ത ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
Story Highlights: Red alert