വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനാകില്ല; സാഹചര്യം അനുകൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

August 11, 2020
class room

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യസ സ്ഥാപനങ്ങൾ വരുന്ന സെപ്തംബർ മാസത്തിൽ തുറക്കാൻ കഴിഞ്ഞേക്കുമെന്ന് നേരത്തെ വിദ്യാഭ്യസ മന്ത്രാലയം അറിയിച്ചിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല. അതേസമയം ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് ഉണ്ടായേക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ അധ്യയന വർഷം അവസാനം മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്, നിലവിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസമാണ് നടത്തുന്നത്. ഇത് തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ കൊറോണ വ്യാപനം കുറഞ്ഞാൽ സെപ്തംബർ മാസത്തിൽ 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ തീരുമാനം ഉപേക്ഷിക്കാൻ ധാരണയായി.

Story Highlights: schools will not reopen next month