തീച്ചാട്ടവും, രക്തം കലർന്ന നദിയും, മുകളിലേക്ക് ഒഴുകുന്ന ജലവും; പ്രകൃതിയിലെ ചില അത്ഭുത പ്രതിഭാസങ്ങളും അവയുടെ കാരണങ്ങളും
പ്രകൃതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.. പ്രകൃതിയിൽ ദൃശ്യമാകുന്ന പല പ്രതിഭാസങ്ങളും കാഴ്‌ചക്കാരെ അമ്പരപ്പിക്കാറുമുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കുറച്ച് പ്രതിഭാസങ്ങളുടെ കാരണങ്ങൾ നോക്കാം.
തീച്ചാട്ടം
കാഴ്ചക്കാരെ അത്ഭുതപ്പെടുത്ത ഒരു പ്രതിഭാസമാണ് യോസെമൈറ്റ് ഫയര്‍ഫാള്‍. യോസെമൈറ്റ് നാഷ്ണല്‍ പാര്‍ക്കിലെ ഒരു താല്‍കാലിക വെള്ളച്ചാട്ടമാണ് ഇത്. ആദ്യ കാഴ്ചയില്‍ ഈ വെള്ളച്ചാട്ടം തീച്ചാട്ടമായാണ് തോന്നുക. അതായത് വെള്ളച്ചാട്ടത്തിലേക്ക് നോക്കുമ്പോള്‍ കത്തുന്ന തീജ്വാല താഴേയ്ക്ക് പതിക്കുന്നതായി തോന്നും.
സൂര്യപ്രകാശം പാറയില്‍ തട്ടുമ്പോള്‍, ഒഴുകുന്ന വെള്ളത്തില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നു. ഇക്കാരണത്താലാണ് ഒഴുകുന്ന വെള്ളത്തിന് തീജ്വാലയുടെ നിറം ലഭിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഈ തീച്ചാട്ടം കാണാന്‍ സാധിക്കില്ല. ഫെബ്രുവരിയിലെ ദിവസങ്ങളില്‍ മത്രമാണ് വെള്ളച്ചാട്ടം തീജ്വാലയുടെ നിറത്തിലാവുക. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ യോസെമൈറ്റിലെ പര്‍വ്വത മഞ്ഞ് ഉരുകുന്നു. ഈ വെള്ളം എല്‍ ക്യാപ്റ്റന്‍ എന്ന പാറയുടെ കിഴക്കേ അറ്റത്തേക്ക് ഒഴുകുന്നു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ളതുകൊണ്ടാണ് ഇത് താല്‍കാലിക വെള്ളച്ചാട്ടമായി അറിയപ്പെടുന്നത്.
ചുവന്ന നദി
സ്‌പെയിനിലെ റിയോ ടിന്റോ എന്ന നദിയാണ് കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിക്കുന്ന മറ്റൊരു കാഴ്ച ഒരുക്കുന്നത്. ചുവപ്പും ഓറഞ്ചും നിറത്തിലുള്ള നദി, ഒറ്റനോട്ടത്തിൽ കണ്ടാൽ രക്തം വീണ് ചുവന്നതാണെന്നേ തോന്നുകയുള്ളൂ.‘കടും ചുവപ്പ്’ എന്നർത്ഥം വരുന്ന ടിന്റോ എന്നാണ് നദിയുടെ പേര്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടതാണ് ടിന്റോ നദി. നദിയ്ക്ക് ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങളാണ്, ഏകദേശം 100 കിലോമീറ്റർ നീളമുള്ള നദിയുടെ പകുതിയോളം ഭാഗങ്ങളും ഇത്തരത്തിൽ ചുവപ്പ് കലർന്ന നിറത്തിലാണ്.
നദിയിലെ ഉയർന്ന അളവിലുള്ള അമ്ലാംശമാണ് ഈ നിറവ്യത്യാസത്തിന് കാരണമാകുന്നത്. അതേസമയം ഈ മനോഹരമായ നദി കാണാനായി നിരവധിപ്പേർ ഇവിടെ എത്താറുണ്ട്. എന്നാൽ ഈ വെള്ളം ആരും നിത്യോപയോഗത്തിനായി എടുക്കാറില്ല. മനോഹരമായ ഈ നദി സന്ദർശനത്തിനായി മെയ്, ജൂൺ, ഏപ്രിൽ, സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിനോദസഞ്ചാരികൾ കൂടുതലും എത്തുന്നത്.
കടലിൽ നിന്നും മുകളിലേക്ക് ഒഴുകുന്ന ജലം
ഫാരോ ദ്വീപിലെ ഒരു അത്ഭുത കാഴ്ചയാണ് മുകളിലേക്ക് ഒഴുകുന്ന ജലം. കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഉയർന്നുവരുന്നു… ഉയർന്നു വരുന്ന വെള്ളം മുകളിലുള്ള പാറക്കെട്ടുകളിൽ പതിക്കുന്നു. ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഈ പ്രദേശങ്ങളിൽ കാറ്റ് ശക്തമായി വീശാറുണ്ട്. കാറ്റ് പാറകളിൽ തട്ടുമ്പോൾ വായുവിന്റെ ചലനവും മാറിവരാറുണ്ട്. ഇവ വൃത്താകൃതിയിൽ ആകുന്നതിന്റെ ഫലമായി ജലവും ആ ആകൃതിയിലേക്ക് മാറുന്നു.
തിരമാലകൾ പോലെ വേവ് റോക്ക്
പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ വേവ് റോക്കിന് പിന്നിലെ രഹസ്യം എന്തെന്ന് നോക്കാം. ഓസ്‌ട്രേലിയയിലെ ഹൈഡൻ എന്ന സ്ഥലത്താണ് വേവ് റോക്ക് സ്ഥിതിചെയ്യുന്നത്. അതിനാൽ ഹൈഡൻ റോക്ക് എന്നൊരു പേരും ഇതിനുണ്ട്. വലിയ ഉയരത്തിൽ തിരമാലയ്ക്ക് സമാനമായ ആകൃതിയിലാണ് വേവ് റോക്ക് സ്ഥിതിചയ്യുന്നത്. 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുണ്ട് ഈ റോക്കിന്. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഈ റോക്കിന്.
ലോകത്തിലെ ഏറ്റവും ആകർഷണീയവും മനോഹരവുമായ ശിലാരൂപങ്ങളിൽ ഒന്നാണ് വേവ് റോക്ക്. പാറകളിൽ വ്യത്യസ്തമായ കളറുകളിലുള്ള ലെയറുകളും കാണപ്പെടാറുണ്ട്. ധാതുക്കളുടെ പ്രവർത്തനമാണ് ഈ നിറവ്യത്യസത്തിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ വലിയ പാറ ആയിരക്കണക്കിന് വർഷങ്ങളിലെ കാടിന്റെയും പ്രകൃതിയുടേയും ഇടപെടലിന്റെ ഫലമായാണ് തിരമാലയുടെ രൂപത്തിലായത്.
Story Highlights: Secret Behind wave rock