‘അടുത്ത് വേറെയാരും ഇല്ല എന്നു കരുതി ഞാൻ കരഞ്ഞു, പക്ഷെ മമ്മൂക്ക അത് കണ്ടു’- മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവം പങ്കുവെച്ച് ശോഭന
എക്കാലത്തെയും മലയാളികളുടെ പ്രിയനായികയാണ് ശോഭന. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മറഞ്ഞ കുസൃതിക്കാരിയായി ശോഭന മടങ്ങിയെത്തി. ഒട്ടേറെ ഭാഷകളിലുള്ള ചിത്രങ്ങളിൽ വേഷമിട്ട ശോഭന വർഷങ്ങളുടെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായും അവസാനമായും ലൊക്കേഷനിൽ വെച്ച് കരഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ്.
മണിരത്നം സംവിധാനം ചെയ്ത ദളപതിയുടെ ലൊക്കേഷനിൽ വെച്ചാണ് ശോഭന കരയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ കരച്ചിൽ കണ്ട ഒരേയൊരു വ്യക്തിയാകട്ടെ, മമ്മൂട്ടിയും.
‘ മുതുമലയിൽ ദളപതി ചിത്രീകരണ സമയത്ത് ഞാൻ രണ്ടു മലയാള സിനിമകൾ പൂർത്തിയാക്കിരുന്നു. അന്നൊക്കെ 20 ദിവസംകൊണ്ട് ഒരു മലയാള സിനിമ ഷൂട്ടിംഗ് തീരും. അവിടെനിന്നും ഞാൻ നേരെ ദളപതി ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. മമ്മൂക്ക, രജനി സർ, എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എന്റെ സീനുകൾ വളരെ കുറച്ചേയുള്ളു ആ സിനിമയിൽ. അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ കോടികൾ റിസ്ക് എടുത്ത് തയ്യാറാക്കിയ വലിയ സിനിമ ആയതിനാൽ ഷൂട്ടിംഗ് വിചാരിച്ച വേഗത്തിൽ തീരുന്നില്ല. കാൾഷീറ്റൊക്കെ കഴിഞ്ഞെങ്കിലും ഇന്ന് പോകാം, നാളെ പോകാം, എന്നൊക്കെ പറഞ്ഞ് എന്നും നീണ്ടു പോയിരുന്നു.
ഒടുവിൽ പോകാനുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി. മണിസാർ വന്ന് അതുംകൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞു. എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാൻ കരുതി. പക്ഷെ മമ്മൂക്ക അത് കണ്ടു. അയ്യോ, എന്താണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചു. വീട്ടിൽ പോയിട്ട് കുറെ നാളെ ആയി എന്നും, അമ്മയെ കാണണം എന്നുമൊക്കെ ഞാൻ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്, വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപതു വയസ് ഉള്ളു’ ശോഭന പറയുന്നു.
1991ൽ റീലീസ് ചെയ്ത ചിത്രത്തിൽ സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. മമ്മൂട്ടിയും രജനികാന്തും പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രമേയം കൊണ്ടും പാട്ടുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.
Story highlights- shobhana about dhalapathi movie shooting days