തുറന്ന് സംസാരിക്കാൻ ഒരിടം; ശ്രദ്ധനേടി ‘ടോക്ക് ഈസ് അണ്ടർറേറ്റഡ്’

August 17, 2020

ലോക്ക് ഡൗണ്‍ കാലത്തെ ചില ഒറ്റപ്പെടലുകള്‍ ചിലരേയെങ്കിലും മാനസകമായി തളര്‍ത്തിയിട്ടുണ്ടാകും. ഒന്നും ചെയ്യാനാവാതെ ഒന്നും സംസാരിക്കാനില്ലാതെ ഇവരില്‍ ചിലര്‍ ഉള്‍വലിഞ്ഞ് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടും. കാലക്രമേണ വിഷാദരേഗത്തിനും ഇരയാകും. ലോക്ക് ഡൗണും കൊറോണ വൈറസ് പടരുമോ എന്ന അമിത ഭയവും മാത്രമല്ല മാനസീകമായ ഒറ്റപ്പെടലുകള്‍ക്കും തുടര്‍ന്നുണ്ടാകുന്ന വിഷാദരോഗങ്ങള്‍ക്കും കാരണങ്ങള്‍ നിരവധിയാണ്.

ഇത്തരത്തില്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നവരില്‍ നല്ലൊരു വിഭാഗവും കൗമാരക്കാരാണ്. തുറന്ന് പറയാന്‍ ഒരാള്‍ ഇല്ലാതെ വരുന്നതും, ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്നുള്ള ചിന്തകളുമൊക്കെയാണ് പലപ്പോഴും നമ്മെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ കൗമാരക്കാര്‍ തുറന്നു പറയാന്‍ മടിക്കുന്നതോടെ വിഷാദരോഗം പോലുള്ള രോഗങ്ങള്‍ക്ക് ഇവര്‍ അടിമകളാകാനും സാധ്യത കൂടുതലാണ്. പറയാന്‍ മടിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ഒരിടം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നു.

‘ടോക്ക് ഈസ് അണ്ടര്‍റേറ്റഡ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിനോടകം ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍ ഒരു കൂട്ടം കൗമാരക്കാര്‍ ആണ് എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റും. മാതാപിതാക്കളോടും സഹോദരങ്ങളോടും പലപ്പോഴും തുറന്ന് പറയാന്‍ കഴിയാത്ത കൗമാരക്കാരുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കൂടി നല്‍കുകയാണ് ഈ പേജ്. സമൂഹമാധ്യമങ്ങളില്‍ മികച്ച പിന്തുണ നേടുന്ന ടോക്ക് ഈസ് അണ്ടര്‍റേറ്റഡ് ഇപ്പോള്‍ കുട്ടികള്‍ക്ക് പലതും തുറന്ന് സംസാരിച്ച് മുതിര്‍ന്നവരില്‍ നിന്നും കൃത്യമായ ഗൈഡന്‍സ് നേടുന്നതിനുള്ള ആത്മവിശ്വാസവും കരുത്തും കൂടി പകരാന്‍ സഹായകമാകുന്നുണ്ട്.

പരീക്ഷ പേടിയും കൗമാരപ്രശ്ങ്ങളും തുടങ്ങി ടീനേജേഴ്‌സ് തുറന്ന് പറയാന്‍ ഇഷ്ടപ്പെടാത്ത നിരവധി വിഷയങ്ങളും അവരുടെ അനുഭവങ്ങളുമാണ് ഈ വീഡിയോകളിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നത്. ഒറ്റപ്പെടലില്‍ നിന്നും നിരവധിപ്പേര്‍ക്ക് ആശ്വാസം പകരുന്നു ഈ പേജില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ വീഡിയോകളും.

Story Highlights: Talk Is Underrated