മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം ഈ പത്ത് കാര്യങ്ങള്‍

August 11, 2020
Tips to Consider While Driving In Monsoon

സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പലയിടത്തും. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴക്കാലമായതിനാല്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ശ്രദ്ധക്കുറവ് വലിയരീതിയിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം (കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍)

1-വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.

2-ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

3-മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

4-മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

5-തീര്‍ത്തും ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.

6-ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

7-വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.

8-മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. അതിനാല്‍ വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.

9-പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക. അതുപോലെ വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടേയും ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

10-മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

Story highlights: Tips to Consider While Driving In Monsoon