വയലാറിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; ബാല്യകാലസഖിയ്ക്ക് ശേഷം പുതിയ ചിത്രവുമായി പ്രമോദ് പയ്യന്നൂർ
മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടുതൽ സംഗീതത്തിന് പ്രാധാന്യം നൽകികൊണ്ടാകും ഒരുക്കുക. പ്രമോദ് പയ്യന്നൂർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വയലാറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ഒരുക്കുക. അദ്ദേഹത്തിന്റെ വരികൾ ഒളിഞ്ഞിരുന്ന വേദനയും സന്തോഷവുമെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ എൻ സി അരുൺ സലീൽ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കുന്നത് ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞരാണ്. അതേസമയം ചിത്രത്തിൽ അഭിനയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
കവി എന്നതിലുപരി, സിനിമാഗാന രചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരളം സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു .1974-ൽ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ‘ബലികുടീരങ്ങളെ’ എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ- ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് ‘ആയിഷ’.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പവും അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവേയാണ് അദ്ദേഹം മരിച്ചത്.
അതേസമയം ബാല്യകാല സഖിയ്ക്ക് ശേഷം പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ചിത്രമാണ് ഇത്.