ഫോറസ്റ്റ് ഓഫീസർ ആയി വിദ്യ ബാലൻ; ‘ഷെർനി’ ചിത്രീകരണം ആരംഭിക്കുന്നു

August 26, 2020

വിദ്യ ബാലൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘ഷെർനി’. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. ശകുന്തള ദേവിക്ക് ശേഷം അഭിനയിക്കുന്ന ചിത്രത്തെ കുറിച്ചും കൊവിഡ് കാല ചിത്രീകരണങ്ങളെ കുറിച്ചും പങ്കുവയ്ക്കുകയാണ് വിദ്യ ബാലൻ.

കൊവിഡ് കാലത്ത് ചിത്രീകരണ രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിനായി സ്വയം തയ്യാറെടുക്കുകയാണെന്നും വിദ്യ ബാലൻ പറയുന്നു. മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രമാണ് ഷെർനി. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു.

‘ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കണമെന്നാണ് കരുതുന്നത്. കൂടുതൽ ശ്രദ്ധയോടെ വേണം ചിത്രീകരണം എന്ന അവസ്ഥയാണിപ്പോൾ. കാട്ടിലാണ് ഞങ്ങൾ സിനിമ ചിത്രീകരിക്കാൻ ആലോചിച്ചത് എന്നത് ഭാഗ്യമായി. അവിടം സുരക്ഷിതമെന്ന് കരുതുന്നു’. വിദ്യ ബാലൻ പറയുന്നു. ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെർനി.

ഇന്ത്യയിലെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രത്തിൽ നായികയായത് വിദ്യ ബാലൻ ആയിരുന്നു. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യ ബാലൻ അതേപടി പകർത്തിയിരുന്നു. ചെറുപ്പത്തിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്ത ശകുന്തള ദേവിയുടെ വ്യക്തി ജീവിതമാണ് ‘ശകുന്തള ദേവി’ എന്ന ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ‘അമ്മ- മകൾ ബന്ധത്തിലൂടെയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളിയായ അനു മേനോനാണ് സംവിധാനം ചെയ്തത്.

Story highlights- vidhya balan’s next movie sherni