ബോട്ട് യാത്രക്കാരെ ഞെട്ടിച്ച് ഒരേസമയം കടലിൽ രൂപപ്പെട്ട മൂന്ന് ചുഴികൾ; പ്രതിഭാസത്തിന് പിന്നിൽ…
പ്രകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പല പ്രതിഭാസങ്ങളും മനുഷ്യനെ അത്ഭുതപ്പെടുത്തുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു പ്രതിഭാസത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. ഒരേസമയം കടലിൽ പ്രത്യക്ഷപ്പെട്ട മൂന്ന് അന്തരീക്ഷ ചുഴലികളുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്തെ ഒരേ സമയം ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
ലൂസിയാനയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്, ആ സമയത്ത് അതിലൂടെ ബോട്ടിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളാണ്. അടുത്തടുത്തായാണ് ഒരേസമയം ഫണൽ രൂപത്തിൽ മൂന്ന് അന്തരീക്ഷ ചുഴികൾ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം മത്സ്യങ്ങൾ മുകളിലോട്ട് ചാടുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. കാലാവസ്ഥാ ഗവേഷകനായ റോബ് പെറില്ലോയാണ് ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
അതേസമയം ഇത്തരത്തിൽ രൂപപ്പെടുന്ന അന്തരീക്ഷ ചുഴികൾ ഒട്ടും അപകടകാരിയല്ല. താപ വ്യതിയാനം മൂലം ചെറിയ ന്യൂന മർദം രൂപപ്പെടുന്നതാവാം ഇവയ്ക്ക് പിന്നിലെ കാരണമെന്നാണ് പറയപ്പെടുന്നത്. ഈ പ്രതിഭാസത്തെ വാട്ടർ സ്പ്രൗട്ട് എന്നാണ് വിളിക്കുന്നത്. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണം. ഇതിന്റെ ഫലമായി മേഘങ്ങൾക്കിടയിൽ നിന്നും വീഴുന്ന മേഘപാളി ഫണൽ രൂപത്തിൽ കടലിൽ പതിക്കും. ഈ സമയത്ത് മത്സ്യങ്ങൾ ഉതിച്ചു പൊങ്ങുന്നതും കാണാം, എന്നാൽ ഇത് ഇവയുടെ ജീവന് ഭീഷണിയാണ്. ആ സമയം ഈ ഭാഗത്ത് ബോട്ടുകൾ ഉണ്ടാകുന്നതും അത്ര സുരക്ഷിതമല്ല.
Story Highlights: water spouts in louisiana