ഇനിയുള്ളത് വിലപ്പെട്ട മണിക്കൂറുകള്‍; ഇഐഎ 2020-ല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാനുളള അവസാന തീയതി നാളെ; വിട്ടുകളയരുത് പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അഥവാ Environment Impact Assessment (EIA) എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ചൊവ്വാഴ്ചയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം പരിസ്ഥി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ക്യാമ്പെയിനുകളുടെ എണ്ണം ചെറുതല്ല. കേന്ദ്രത്തിന്റെ ഭേദഗതിയില്‍ രോക്ഷം പുകയുമ്പോള്‍ നാം അറിയണം എന്താണ് ഇഐഎ എന്നും ഇത് നമ്മെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും.
1972-ല്‍ സ്റ്റോക്ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974-ല്‍ ജലമലിനീകരണത്തിനും 1981ല്‍ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയില്‍ പ്രത്യേക നിയമം വരുന്നത്. എന്നാല്‍ 1984-ല്‍ ഭോപ്പാല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം നിലവില്‍ വന്നു. അതായത് 1986-ല്‍. ഈ നിയമത്തിന് കീഴില്‍ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാന്‍. എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006-ല്‍ ഭേദഗതി വന്നു.
സാധാരണ ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യര്‍, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ എന്നിവ പഠിച്ച ശേഷം മാത്രമേ എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുകയുള്ളു. എന്നാല്‍ 2020 ല്‍ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. അതായത് പരിസ്ഥിതി നിയമങ്ങള്‍ മിക്കതും ലഘൂകരിക്കുകയാണ് പരിസ്ഥിതി വിജ്ഞാപനം 2020-ലൂടെ കേന്ദ്രം. അതായത് പരിസ്ഥിതി വളരെ എളുപ്പത്തില്‍ ചൂഷ്ണം ചെയ്യപ്പെടും എന്ന്. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ ഒരുപക്ഷം നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാന്‍ സാധിച്ചെന്നു വരില്ല.
നിലവില്‍ 20,000 സ്ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതി ക്ലിയറന്‍സിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാല്‍ ഇഐഎ 2020 പ്രകാരം 1,50,000 സ്ക്വയര്‍ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാല്‍ മതി. അതായത് നമ്മുടെ തൊട്ടടുത്ത് വലിയൊരു പദ്ധതി നടപ്പിലാകുമ്പോള്‍ അകത് പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ പോലും സാധിക്കില്ല. ഇതേത്തുടര്‍ന്ന് നാം അനുഭവിക്കേണ്ടി വരുന്ന വിപത്തും ചെറുതല്ല.
അതുപോലെ പുതിയ ഭേദഗതി പ്രാകരം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവര്‍ത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങള്‍ വരുത്തിയാലും ഇത് ബാധകമല്ല. ഇഐഎ 2020- ല്‍ പുതുതായി ബി2 എന്നൊരു വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നാല്‍പ്പതിലേറെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികള്‍ക്കൊന്നും ക്ലിയറന്‍സ് ആവശ്യമില്ല.
‘ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമോ’ എന്ന വരികളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും പുതിയ ഭേദഗതി. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാന്‍ സാധിക്കും.
ആശങ്കകളും പ്രതിഷേധങ്ങളുമറിയിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
Story highlights: What is EIA -Environment Impact Assessment