രാജ്യത്ത് പബ്ജി ഉൾപ്പെടെ നൂറിലധികം ചൈനീസ് ആപ്പുകൾക്ക് നിരോധനം

September 2, 2020

ഇന്ത്യയില്‍ പബ്ജി നിരോധിച്ചു. പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ്ആ പ്ലിക്കേഷനുകള്‍ കൂടി നിരോധിച്ചു. കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍സ്, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും. ഏറെ ജനപ്രീയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന് ചൈനീസ് ടെക് കമ്പനിയാണ്.

അതേസമയം ടിക് ടോക്ക്, ഷെയര്‍ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ് തുടങ്ങിയവയടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റ് സെര്‍വറുകള്‍ക്ക് അനധികൃതമായി കൈമാറുന്നതായി ആരോപിച്ചായിരുന്നു നിരോധനം.

Story highlights: Central Government has banned 118 Chinese apps, including Pubg