യുഎൻ ഗ്രീൻ അംബാസിഡറായി ഇന്ത്യയിൽ നിന്നൊരു 17- കാരി; അഭിമാന നിമിഷം
ഇന്ത്യക്കിത് അഭിമാന നിമിഷം. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മേഖല ഗ്രീൻ അംബാസിഡറായി ഖുഷി ചിൻഡലിയ തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്ത് സ്വദേശിയാണ് പതിനേഴ് കാരിയായ ഖുഷി. യുഎൻ ഗ്രീൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെ 2021 ഫെബ്രുവരി വരെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ ഖുഷിയ്ക്ക് പങ്കെടുക്കാൻ സാധിക്കും.
ചെറുപ്പം മുതൽ പരിസ്ഥിതിയ്ക്ക് വേണ്ടി ശബ്ദമുയർത്തിയ പെൺകുട്ടിയാണ് ഖുഷി. ലോക്ഡൗൺ കാലഘട്ടത്തിലും ഓൺലൈൻ ആയി തന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഖുഷി നടത്തിയിരുന്നു. സൂറത്തിലാണ് ഖുഷി ജനിച്ചു വളർന്നത്. വസ്ത്ര വ്യാപാരികളാണ് ഖുഷിയുടെ മാതാപിതാക്കൾ. ഖുഷിയുടെ കുട്ടിക്കാലത്ത് സൂറത്തിന്റെ പ്രദേശങ്ങളിൽ നിരവധി ചെടികളും മരങ്ങളുമൊക്കെ ഉണ്ടായിരുന്നു.
എന്നാൽ പിന്നീട് നഗരവത്കരണത്തിന്റെ ഭാഗമായി മരങ്ങളും മറ്റും വ്യാപകമായി വെട്ടിമാറ്റാൻ തുടങ്ങി. അക്കാലത്താണ് തനിക്ക് ഒരു കുഞ്ഞനുജത്തി ജനിച്ചത്. താൻ അനുഭവിച്ചതുപോലെ പ്രകൃതിയുടെ സൗന്ദര്യം അവൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയിൽ നിന്നുമാണ് ഖുഷി പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഖുഷി ശക്തമായി തന്നെ പോരാടാൻ തുടങ്ങി. ഇപ്പോൾ പ്രകൃതിയുടെ ഉറ്റ സ്നേഹിതയായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
Story Highlights: 17-year-old girl appointed as Regional Ambassador for UN Environment Programme