കണ്ണാന്തുമ്പി പോരാമോ… അനുജത്തിക്കൊപ്പമുള്ള സ്‌നേഹനിമിഷങ്ങളും അഹാനയുടെ പാട്ടും
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അനുജത്തിക്കായി പാടിയ പാട്ടും അനുജത്തിയെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
അഹാനയുടെ അനുജത്തി ഹന്‍സികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പാട്ട് സമ്മാനിച്ചിരിക്കുന്നത്. ‘എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് ഇന്ന് 15 വയസ്സ്. നീ ജനിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ എല്ലാ രാത്രിയിലും മുടങ്ങാതെ ഞാന്‍ നിനക്ക് ഗുഡ് നൈറ്റ് ആശംസിക്കുമായിരുന്നു. നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണ്. മാത്രമല്ല ആ ദിവസം എനിക്കുണ്ടായ ആവേശത്തെ മറികടക്കാന്‍ മറ്റൊന്നിനും കഴിഞ്ഞെന്നു വരില്ല.’ അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹന്‍സികയ്ക്ക് ഒപ്പമുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട് അഹാന. കണ്ണാന്തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ എന്ന പാട്ടും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
Story highlights: Ahana Krishna Birthday wishes to Hansika