‘ബിഗ് സ്‌ക്രീനിൽ എന്നെ കാണുമ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ’- ‘ഉദാഹരണം സുജാത’യെക്കുറിച്ച് അനശ്വര രാജൻ
ആദ്യമായി അഭിനയിച്ച ഉദാഹരണം സുജാത മൂന്നു വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു അനശ്വര അഭിനയിച്ചത്. പഠനവും ജീവിതവും വെല്ലുവിളികളും നിറഞ്ഞ ചിത്രം അനശ്വരയുടെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു.
ആദ്യമായി സ്വയം സ്‌ക്രീനിൽ കണ്ടതിനെക്കുറിച്ച് വളരെ വൈകാരികമായൊരു കുറിപ്പാണ് അനശ്വര പങ്കുവയ്ക്കുന്നത്. ‘ആദ്യ ദിവസം, ആദ്യ ഷോ. റിലീസ് ചെയ്യുന്ന ദിവസം തന്നെ ഞാൻ ആദ്യമായി ഒരു സിനിമ കാണുകയായിരുന്നു, അത് എന്റെ ആദ്യ ചിത്രമായിരുന്നു. ബിഗ് സ്‌ക്രീനിൽ എന്നെ കാണുമ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇപ്പോഴും ഞാൻ ഓർക്കുന്നു, തിയേറ്ററിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നിരവധി ക്യാമറകൾ എന്റെ നേർക്ക് തിരിഞ്ഞു. ഫ്ളാഷ്‌ലൈറ്റുകൾ മിന്നിമാഞ്ഞു.
എന്താണ് പറയേണ്ടതെന്ന് അറിയാത്ത ഒരു മുഖവുമായി ഞാൻ അവിടെ നിൽക്കുകയായിരുന്നു. അതെല്ലാം നടന്നിട്ട് 3 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതൊക്കെ ചിന്തിക്കുമ്പോൾ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്. കാരണം ഒരു ഓഡിഷൻ പരസ്യം എന്റെ ജീവിതത്തെയും സ്വപ്നങ്ങളെയും സ്വഭാവത്തെയും എല്ലാം മാറ്റിമറിച്ചു ‘- അനശ്വര കുറിക്കുന്നു.
നവാഗതനായ ‘ഫാന്റം’ പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത 2017ലാണ് പുറത്തിറങ്ങിയത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഉദാഹരണം സുജാത.’ഉദാഹരണം സുജാത’യിലൂടെ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.തൃഷയ്‌ക്കൊപ്പം ‘രാംഗി’ എന്ന സിനിമയിലും അനശ്വര പ്രവർത്തിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക് റീമേക്കിനും ഒരുങ്ങുകയാണ്. ഈ ചിത്രത്തിലും അനശ്വരയാണ് നായിക. തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ഒരുക്കുന്ന സൂപ്പർ ശരണ്യയിലും നായിക അനശ്വരയാണ്.
Story highlights- anaswara rajan about udaharanam sujatha