ഐജി ഗീതാ പ്രഭാകർ ഇവിടെയുണ്ട്; സിനിമ സെറ്റിലേക്ക് പോകാൻ ഒരുങ്ങി ആശാ ശരത്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദൃശ്യം എന്ന ചിത്രത്തിലെ ഐജി ഗീതാ പ്രഭാകർ. സ്വന്തം മകന്റെ തിരോധാനം അന്വേഷിക്കേണ്ടിവരുന്ന ഒരു അമ്മയുടെയും പൊലീസ് ഓഫീസറുടെയും റോൾ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ താരമാണ് ആശാ ശരത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ഏറെ ആവേശത്തിലാണ് ആശ ശരത്. ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.
ഇപ്പോഴിതാ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിന്റെയും ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് ആശാ ശരത്. ‘കൊവിഡ് പരിശോധന ഫലം റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം- 2 വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും ആശാ ശരത് കുറിച്ചു.
സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം നടത്തുക. ആദ്യ പത്ത് ദിവസം കൊച്ചിയിൽ ഇൻഡോർ രംഗങ്ങളാണ് ചിത്രീകരിക്കുക. 26 നാണ് ചിത്രത്തിൽ മോഹൻലാൽ ജോയിൽ ചെയ്യുന്നത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഒന്നിച്ച ടീമാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. അടുത്തിടെ മീനയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ മീനയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് മീന വേഷമിടുന്നത്.
Story Highlights: asha sarath joins drishyam 2