‘ആലാപനം തേടും തായ്മനം’; മകൾക്കൊപ്പം പാട്ട് ആസ്വദിച്ചും പാടിയും പഠിപ്പിച്ചും ജോജു ജോർജ്, ക്യൂട്ട് വീഡിയോ
സിനിമയെ കണ്ടും അറിഞ്ഞും സ്നേഹിച്ചും മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് ജോജു ജോർജ്. വെള്ളിത്തിരയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമാണ് ജോജു. അതുകൊണ്ടുതന്നെ സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ താരത്തിന്റെ കുടുംബ വിശേഷങ്ങളും അറിയാനും കേൾക്കാനുമൊക്കെ ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജോജുവും മകൾ പാത്തുവും ചേർന്ന് പാടുന്ന പാട്ട്.
1991–ല്‍ പുറത്തിറങ്ങിയ ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ജോജുവിന്റെ അരികിലിരുന്ന് മകൾ ആലപിക്കുന്നത്. ഇടയ്ക്ക് മകൾക്ക് പാട്ടിന്റെ വരികൾ പാടികൊടുക്കുകയും പിന്നീട് ഇരുവരും ചേർന്ന് പാടുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്. ‘മൈ പാത്തു, ശ്രുതിയിടുമൊരു പെൺമനം’ എന്ന അടിക്കുറിപ്പോടെയാണ് ജോജു മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുമ്പ് പലതവണ ജോജുവിന്റെ മക്കള്‍ പാട്ടുപാടി അതിശയിപ്പിച്ചിട്ടുമുണ്ട്. ‘പൂമുത്തോളെ’ എന്ന ഗാനവും ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം..’ എന്ന ഗാനവുമൊക്കെ അത്തരത്തിൽ പാടി ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് എന്ന നടനിപ്പോൾ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം കൂടി നേടിയിരിക്കുകയാണ്. ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും ഹാസ്യ കഥാപാത്രമായുമൊക്ക വെള്ളിത്തിരയിൽ പരീക്ഷണങ്ങൾ നടത്തിയ ജോജു പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ‘ജോസഫാ’ണ്. മികച്ച സ്വീകാര്യത നേടിയ ചിത്രമായിരുന്നു ‘ജോസഫ്’. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
മമ്മൂട്ടി പ്രധാന കഥാപാത്രമായി 2000 ൽ പുറത്തിറങ്ങിയ ‘ദാദാസാഹിബ്’ എന്ന ചിത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട ജോജുവിനെ അന്ന് ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ആ കമാൻഡോയിൽ നിന്നും ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ജോജുവിന്റെ വളർച്ചയ്ക്ക് ഏകദേശം 20 വർഷത്തിന്റെ നീളമുണ്ട്.
Story Highlights: Atrist joju george shares daughter singing video