പാവയ്ക്ക ജ്യൂസ് കുടിയ്ക്കാൻ മടി കാണിക്കണ്ട; അറിയാം പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ

September 30, 2020

കയ്പ് ആണെന്ന് പറഞ്ഞ് പാവയ്ക്കയെ തഴയാൻ വരട്ടെ.. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ പാവയ്ക്ക. അതുകൊണ്ടുതന്നെ പാവയ്ക്കയെ അത്ര നിസാരമായി കാണാനും കഴിയില്ല. പാവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് പാവയ്ക്കയില്‍. ഇരുമ്പ്, മഗ്‌ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക.

പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ശര്‍ക്കര ചേര്‍ത്ത് പാവയ്ക്ക ജ്യൂസ് കുടിക്കുന്നതാണ് കൂടുതല്‍ ഗുണകരം. അതുപോലെ മറ്റ് പഴവര്‍ഗങ്ങള്‍ക്കൊപ്പം പാവയ്ക്ക ചേര്‍ത്ത ജ്യൂസ് കുടിക്കുന്നതും ഉത്തമവും ഏറെ ആരോഗ്യകരവുമാണ്.

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കന്‍ പാവയ്ക്ക സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. അമിതമായ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും.

നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിലും പാവയ്ക്ക സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പാവയ്ക്ക ഗുണം ചെയ്യുന്നു. അനീമിയ ഉള്ളവര്‍ പാവയ്ക്ക ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്.

Read also :ഇത് പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ച; അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടായ സർട്ട്സി ദ്വീപിനുണ്ട് നിരവധി പ്രത്യേകതകൾ

പാവയ്ക്ക കൊണ്ട് നിരവധി വിഭവങ്ങളും ഉണ്ടാക്കാം. പാവയ്ക്ക കൊണ്ടാട്ടം, പാവയ്ക്ക തീയല്‍, പാവയ്ക്ക തോരന്‍, പാവയ്ക്ക അച്ചാര്‍ എന്നിവയെല്ലാം തന്നെ ആരോഗ്യകരവും ഒപ്പം രുചികരവുമാണ്. കുട്ടികള്‍ പാവയ്ക്ക കഴിക്കാന്‍ മടി കാണിച്ചാലും ചെറുപ്പം മുതല്‍ക്കേ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കി ശീലിപ്പിക്കുന്നതും നല്ലതാണ്.

Story Highlights: Benefits of bitter gourd