സർപ്രൈസായി ആരാധികയുടെ പിറന്നാൾ സമ്മാനം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

ജനപ്രിയ താരം ജയസൂര്യയ്ക്ക് പിറന്നാൾ ദിനത്തിൽ ആരാധിക നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അഞ്ജന സുധാകരൻ ശ്രീനു എന്നിവർ ചേർന്ന് ഒരു കൊച്ചു ഷോർട്ട് ഫിലിം ഒരുക്കിക്കൊണ്ടാണ് ഇഷ്ടതാരത്തിന് പിറന്നാൾ സമ്മാനം ഒരുക്കിയത്. ആരാധിക എന്ന പേരിലുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധനുഷ് ഡിയോൻ ആണ്. ജയസൂര്യ തന്നെയാണ് ഈ കൊച്ചു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.
അതേസമയം ജയസൂര്യയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വെള്ളം. പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ജയസൂര്യ ചിത്രം കത്തനാറിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. റോജിന്‍ തോമസ് ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന് കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക. ആര് രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
മെട്രോമാന് ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്ന രാമസേതു എന്ന ചിത്രത്തിലും ജയസൂര്യയാണ് നായകനായി എത്തുന്നത്. മെട്രോമാന് ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു. ഈ വര്‍ഷം ഓഗസ്റ്റോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മാണം.
Story Highlights:birthday gift to jayasurya