മദർ ഹില്ലിൽ കാത്തിരുന്ന മഴവിൽ മാലാഖ; കൗതുക പ്രതിഭാസത്തിന് പിന്നിൽ
പ്രകൃതിയെ തൊട്ടറിയാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇംഗ്ലണ്ടിലെ ഡെര്‍ബിഷറിലുള്ള മാം തോർ അഥവാ ‘മദർ ഹില്‍’ എന്ന ചെറു പർവതം. ഏകദേശം 30-ലധികം വർഷങ്ങൾ പഴക്കമുള്ള പാറകൾ തന്നെയാണ് ഈ മലയെ കൂടുതൽ ആളുകളിലേക്കും അടുപ്പിക്കുന്നത്. അടുത്തിടെ ഇവിടെ സന്ദർശനത്തിനെത്തിയ ഫോട്ടോഗ്രാഫർ ലീ ഹൗഡ്‌ൽ പകർത്തിയ ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ഏറെ കൗതുകമാകുന്നത്.
മല മുകളിൽ എത്തിയ ലീയെ കാത്തിരുന്നത് മഴവില്ലിൽ വിരിഞ്ഞ മാലാഖയായിരുന്നു. എന്നാൽ ഈ മാലാഖ ലീയുടെ സ്വന്തം നിഴലുകൾ തന്നെ ആയിരുന്നു. ബ്രോക്കൺ സ്പെക്ടർ എന്ന പ്രതിഭാസമാണ് ഇത്. മഞ്ഞിന്മേൽ രൂപപ്പെടുന്ന ഇവയെ ബ്രോക്കൺ ബോ എന്നും മൗണ്ടൻ സ്പെക്ടർ എന്നും വിളിക്കാറുണ്ട്. മഞ്ഞു മൂടിയ മലമുകളിൽ പലപ്പോഴും ഇത്തരം മേഘങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഭൂമിയോട് ചേർന്നുള്ള മല മുകളിലും ആകാശത്തും ഇത്തരത്തിൽ മേഘങ്ങൾ കാണാറുണ്ട്. ഗ്ലോറി എന്നാണ് ഇത്തരം പ്രതിഭാസങ്ങളെ വിശേഷിപ്പിക്കാറുള്ളത്. ഒരു നിഴലിനു ചുറ്റും രൂപപ്പെടുന്ന മഴവിൽ വളയങ്ങളെയാണ് ഇത്തരത്തിൽ ഗ്ലോറി എന്ന് വിശേഷിപ്പിക്കുന്നത്.
സൂര്യ പ്രകാശമുള്ള മല മുകളിൽ എത്തുമ്പോൾ നമ്മുടെ പിന്നിൽ നിന്നുള്ള സൂര്യ പ്രകാശം നമ്മുടെ തന്നെ നിഴലുണ്ടാക്കി മേഘങ്ങളിൽ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രതിഭാസം. ഇത് വളരെയധികം വലുപ്പത്തിലായിരിക്കും പ്രത്യക്ഷപ്പെടുക.
Story Highlights: brocken spectre