മാസ് ആക്ഷൻ ചിത്രവുമായി ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്നു; ‘ബ്രൂസ് ലീ’
പുലിമുരുഗൻ, മധുരരാജ… തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. മോഹൻലാൽ, മമ്മുട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
‘ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’.
അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’. ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് സിനിമ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അതേസമയം ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.
Story Highlights:BruceLee Unnimukundan and Vysakh