അതും ജീവനാണ്; പുഴയിൽ അകപ്പെട്ട നായയ്ക്ക് തുണയായി ഹോംഗാർഡ്, സ്നേഹ വീഡിയോ
മനുഷ്യരുടെ സ്നേഹാർദ്രമായ ചില സമീപനങ്ങൾ പലപ്പോഴും സമൂഹ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സഹജീവി സ്നേഹത്തിന്റെ ദൃശ്യങ്ങളും വീഡിയോയുമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒഴുക്കുള്ള പുഴയിൽ അകപ്പെട്ട ഒരു നായയ്ക്ക് തുണയായ ഹോഗാർഡാണ് ഇപ്പോൾ ഏറെ വൈറലാകുന്നത്. തെലുങ്കാനയിലെ നാഗർ കുർനൂൽ മേഖലയിലാണ് ഈ സംഭവം.
കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം കൂടി ഇതിനിടെ പുഴയ്ക്ക് നടുവിലായുള്ള ഒരു പുൽപ്പടർപ്പിൽ അകപ്പെട്ട നായയ്ക്കാണ് ഹോംഗാർഡ് തുണയായത്. ചുറ്റും വെള്ളം ശക്തമായി ഒഴുകുന്നതിനാൽ കര കയറാനാകാതെ നായ അകപ്പെടുകയായിരുന്നു. ശ്രദ്ധയോയിൽപെട്ട ഹോംഗാർഡ് മജീദാണ് ജെസിബിയുടെ സഹായത്തോടെ ഇറങ്ങി കുടുങ്ങിക്കിടന്ന നായയെ അവിടെ നിന്നും രക്ഷിച്ചത്.
നായയെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് ഈ പൊലീസുകാരന് അഭിനന്ദനവുമായി എത്തുന്നത്. ഇന്നലെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. സഹജീവി സ്നേഹത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഈ പൊലീസുകാരൻ എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
ഇത്തരത്തിൽ സഹജീവി സ്നേഹത്തിന്റെ നിരവധി വീഡിയോകൾ സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ മക്കള് തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥരും മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ ഒരു നായക്കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോയും തെരുവോരങ്ങളിലൂടെ അലഞ്ഞുനടന്ന ഒരു വയോധികനെ പരിചരിക്കുന്ന പൊലീസുകാരന്റെ ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Story Highlights : Cop Rescues Dog Stuck In Bushes After Heavy Rain