സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

September 29, 2020
new Covid cases

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്തയക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രോഗവ്യാപനം തടയാനായി ശക്തമായ നടപടികൾ ആവശ്യമാണ്. ഇതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നുമാണ് ഐ എം എ അറിയിച്ചു.

അതേസമയം നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോൾ അത് സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. രോഗ വ്യാപനം വളരെ രൂക്ഷമാണ്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ രോഗികളായി മാറുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കാനും പരിചരിക്കാനും ആളുകള്‍ ഇല്ലാതാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ ആള്‍ക്കൂട്ടം തടയുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:ഇന്ന് ലോക ഹൃദയ ദിനം; ഹൃദയത്തിന് നൽകാം ഏറെ കരുതലും ശ്രദ്ധയും

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കേരളത്തിൽ ഇന്നലെ മാത്രം  കൊവിഡ് സ്ഥിരീകരിച്ചത് 4538 പേര്‍ക്കാണ്. കഴിഞ്ഞ ഒരാഴ്ചയായി രോഗ വ്യാപനത്തില്‍ കേരളത്തിൽ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,79,992 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 57879 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗം ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും വർധിക്കുകയാണ്.

Story Highlights: Covid updates Ima