അഭിനയത്തിന്റെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് എട്ട് വർഷങ്ങൾ; തിലകന്റെ ഓർമ്മയിൽ സിനിമാലോകം
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് തിലകൻ. നിരവധി സിനിമകളിലൂടെ ജനശ്രദ്ധയാകർഷിച്ച താരം മുഖ്യ കഥാപാത്രമായും വില്ലനായും ഹാസ്യ നടനായുമെല്ലാം അരങ്ങിൽ തകർത്താടി. ഒരായുസു മുഴുവൻ സിനിമയിൽ ജീവിച്ച അദ്ദേഹം വിടപറഞ്ഞിട്ട് എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിച്ച് മലയാള സിനിമ ലോകം.
നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1979 ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ‘സീൻ ഒന്ന്- നമ്മുടെ വീട്’ ആണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റേതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം സിംഹാസനമായിരുന്നു.
2012 സെപ്റ്റംബർ 24-ആം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാരുന്നു അദ്ദേഹം. 77 വയസായിരുന്നു അദ്ദേഹത്തിന്.
Story Highlights: death anniversary of thilakan