ഇത് ഒരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്; ദിലീപ് നായകനായി ഖലാസി ഒരുങ്ങുന്നു- സംവിധാനം മിഥിലാജ്
മലയാളികളുടെ പ്രിയചലച്ചിത്രതാരം ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്ളവേഴ്സ് ടിവിയില്‍ മികച്ച സ്വീകാര്യത നേടിയ കോമഡി ഉത്സവം പരിപാടിയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ മിഥിലാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മിഥിലാജിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണിത്. സംവിധായകന് മിഥിലാജും അനൂരൂപ് കൊയിലാണ്ടിയും സതീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. വി സി പ്രവീണും ബൈജു ഗോപാലനുമാണ് സഹനിര്‍മാതാക്കള്‍. കൃഷ്ണമൂര്‍ത്തിയും സുധാകര്‍ ചെറുകൂരുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഖലാസി എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യന്‍ സിനിമാ ഇതിഹാസങ്ങള്‍ അണിനിരക്കുന്നുണ്ട്. കോഴിക്കോടായിരിക്കും ആദ്യഘട്ടചിത്രീകരണം. വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും ചിത്രത്തില്‍ അവതരിപ്പിക്കുക. മലബാര്‍ മുതല്‍ മെക്കവരെ നീളുന്ന ഖലാസി ചരിത്രത്തിന് ഇതാദ്യമായാണ് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നത്. മലബാര്‍ ഖലാസികളുടെ മെയ്ക്കരുത്തിന്റേയും മനക്കണക്കിന്റേയും കഥയാണ് ചിത്രം പറയുന്നത്.
കപ്പല്‍ നിര്‍മാണ തൊഴിലാളികള്‍ എന്നര്‍ഥം വരുന്ന അറബ് പദമാണ് ഖലാസി. ബേപ്പൂര്‍, ചാലിയം, കല്ലായി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ഖലാസി സംഘങ്ങള്‍ കൂടുതലുള്ളത്. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വലിച്ച് കയറ്റുന്നതിനും ഉയര്‍ത്തി വയ്ക്കുന്നതിനുമാണ് ഇവരെ തുടക്കത്തില്‍ വിളിച്ചിരുന്നത്. തുടര്‍ന്ന് വലിയ ഭാരം ഉയര്‍ത്തുന്ന പണികളും ഇവര്‍ ഏറ്റെടുത്തു തുടങ്ങി. 1988-ലെ പെരുമണ്‍ തീവണ്ടി ദുരന്തകാലത്തെ ഖലാസി ഇടപെടലുകള്‍ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. അഷ്ടമുടിക്കായലില്‍ വീണ ഐലന്‍ഡ് എക്സ്പ്രസിന്റെ 10 ബോഗികള്‍ കരയ്ക്കെത്തിച്ചത് ഖലാസികളുടെ സഹായത്തോടെയായിരുന്നു.
ശബരിമലയില്‍ കെ.എസ്.ഇ.ബി. 35 ടണ്‍ ഭാരമുള്ള ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചതും കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിച്ചതും ഖലാസികളായിരുന്നു. ഇടുക്കി ഡാം, ഫറോക്കിലെ വടക്കുമ്പാടം, കല്ലായിപ്പാലം, ഒഡിഷയിലെ മഹാനദിയിലെ പാലം, ഗോവയിലെ മാംഗനീസ് ഫാക്ടറി, കോന്നി ഐരവണ്‍ തൂക്കുപാലം തുടങ്ങിയവ ഖലാസിപ്പെരുമയില് ഉയര്ന്നവകൂടിയാണ്. മെക്കയില്‍ 662 മീറ്റര്‍ ഉയരമുള്ള റോയല്‍ ക്ലോക്ക് ടവറിന്റെ മുകളിലത്തെ ജോലികള്‍ ചെയ്തു തീര്‍ത്തത് കോഴിക്കോട്ട് നിന്നുള്ള ഖലാസിമാരാണ്.
Story highlights: Dileep New movie directed by Mithilaj and produced by Gokulam Gopalan