വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോട്; റിലീസിനെക്കുറിച്ച് വ്യക്തത വരുത്തി സംവിധായകന്‍
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വെള്ളം’. പ്രഖ്യാപനം മുതല്‍ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു ചിത്രത്തെ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.
കൊവിഡ് സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് നിരവധിപ്പേര്‍ വിവരങ്ങള്‍ തിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.
സംവിധായകന്റെ വാക്കുകള്‍
വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ, സിനിമാ പ്രേമികളേ നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഈ സ്‌നേഹം അനുഭവിച്ചറിയുന്നതാണ്. പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയില്‍ അച്ഛന്‍ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങള്‍ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
ഏപ്രിലില്‍ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തിയേറ്ററുകളും ഉടന്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. ശുഭവാര്‍ത്താക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവര്‍ത്തകനെയും സിനിമാ പ്രേമിയെയും പോലെ.
കാര്യത്തിലേക്ക് വരാം. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്. കൊവിഡില്‍ നിന്ന് കരകയറി, തിരിച്ചു വരുമ്പോള്‍, വെള്ളം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ തീരുമാനം.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വെള്ളം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാല്‍, തിയേറ്റര്‍ എക്‌സിപീരിയന്‍സ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്.
പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ.എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം. കൂടുതല്‍ ശുഭ വാര്‍ത്തകള്‍ ഉടന്‍.
സ്‌നേഹപൂര്‍വം
വെള്ളം ടീമിന് വേണ്ടി
ജി. പ്രജേഷ് സെന്‍
Story highlights: Director Prajesh Sen about Vellam release