ജോർജുകുട്ടിയും കുടുംബവും ഉടൻ എത്തും; ‘ദൃശ്യം-2’ ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് സിനിമ. ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടത്തുക. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം നടത്തുക. ആദ്യ പത്ത് ദിവസം കൊച്ചിയിൽ ഇൻഡോർ രംഗങ്ങളാണ് ചിത്രീകരിക്കുക. 26 നാണ് ചിത്രത്തിൽ മോഹൻലാൽ ജോയിൽ ചെയ്യുന്നത്.
Read also: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഒന്നിച്ച ടീമാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. അടുത്തിടെ മീനയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ മീനയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് മീന വേഷമിടുന്നത്.
അതേസമയം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയതായി സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ‘ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ക്ക് അത് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് ചില തിരുത്തലുകളും വരുത്തി. അതിനുശേഷം ആ സ്‌ക്രിപ്റ്റ് മാറ്റിവെച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രെഷ് മൈന്‍ഡോടുകൂടി സ്‌ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍ സ്ക്രിപ്റ്റിലെ ചില കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ‘ജീത്തു ജോസഫ് പറഞ്ഞിരുന്നു.
Story Highlights: drishyam 2 shoot started