ഭക്ഷണവും വെള്ളവും ഇല്ല കടലിൽ ഒറ്റപ്പെട്ടത് ദിവസങ്ങളോളം; അത്ഭുതകരമായ രക്ഷപെടൽ

September 22, 2020

മരണത്തെ മുഖാമുഖം കണ്ടെന്നും ഇതെന്റെ രണ്ടാം ജന്മം ആണെന്നുമൊക്കെ നിരവധിപ്പേർ പറഞ്ഞ് കേൾക്കാറുണ്ട്. അത്തരത്തിൽ മരണത്തെ മുന്നിൽക്കണ്ട് ദിവസങ്ങളോളം കടലിൽ ഒറ്റപ്പെട്ട് പോയ വ്യക്തിയാണ് ഇന്ത്യോനേഷ്യൻ സ്വദേശിയായ ഉദിൻ ദിമാൻ. ഒരു ഐസ് പെട്ടിയിൽ അള്ളിപ്പിടിച്ച് മൂന്ന് ദിവസങ്ങളോളമാണ് ഉദിൻ ദിമാൻ കടലിൽ കഴിഞ്ഞത്.

സെപ്തംബര്‍ 17നാണ് കടലിൽ ഒറ്റപ്പെട്ട് പോയ ഇയാളെ കോസ്റ്റല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തുന്നത്. മത്സ്യ ബന്ധന തൊഴിലാളിയായ ഇയാളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ഘട്ടത്തിൽ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് കടലിലെ പട്രോളിംഗ് യൂണിറ്റുകള്‍ ഉദിൻ ദിമാനായുള്ള തിരച്ചിൽ ആഴക്കടലിലേക്ക് വ്യാപിപ്പിച്ചു.

തിരച്ചിലിന്റെ മൂന്നാം ദിനത്തിലാണ് ദൂരെ ഒരു ഓറഞ്ചു കളർ പെട്ടി പട്രോളിംഗ് ടീമിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ പട്രോളിംഗ് ടീം അവരുടെ ബോട്ട് ആ പെട്ടിയുടെ അടുത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.അപ്പോഴാണ് ഒരു ഐസ് ബോക്സിൽ അള്ളിപ്പിടിച്ച് തുഴയുന്ന ഉദിൻ ദിമാനെ കാണുന്നത്. തീർത്തും അവശനായ ഇദ്ദേഹത്തെ ഉടൻ തന്നെ സുരക്ഷ സേന ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

Story Highlights: fishermani rescued after drifting out to sea for three days