കൗതുകക്കാഴ്ചയായി ഫ്‌ളോട്ടിങ് പാലം; വെള്ളത്തെ തൊട്ട് തലോടി ഒരു യാത്രാനുഭവം
ഫ്‌ളോട്ടിങ് വീടുകളെക്കുറിച്ചും ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകളെക്കുറിച്ചുമൊക്കെ കേട്ടിട്ടില്ലേ..അത്തരത്തിൽ ഒരു ഫ്‌ളോട്ടിങ് പാലമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഫ്‌ളോട്ടിങ് പാലം എന്ന് പറയുമ്പോൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം. വെള്ളത്തെ തൊട്ട് തലോടി പോകുന്ന പോലുള്ള അനുഭവം കൂടി സമ്മാനിക്കുന്നുണ്ട് ഈ പാലം. വലിയ പർവ്വതങ്ങൾക്ക് നടുവിലുള്ള താഴ്വാരത്തിനടുത്തുള്ള നദിയ്ക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ചൈനയിലെ ഹുബെ പ്രവിശ്യയിലെ എൻഷി എന്ന പ്രദേശത്താണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഏകദേശം 500 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള പാലത്തിലൂടെ ഒരേസമയം 10,000 പേർക്ക് നടക്കാൻ കഴിയും.
ആദ്യകാലത്ത് ഈ പാലം സഞ്ചാരികൾക്ക് നടന്ന് പോകാനുള്ള ഒരു വഴി മാത്രമായായിരുന്നു തുറന്ന് നൽകിയത്, പിന്നീട് വാഹനങ്ങൾ കടന്നുപോകാനും അനുവാദം കിട്ടിയതോടെ ഇതിലൂടെ നിരവധി ആളുകൾ എത്തിത്തുടങ്ങി. ഈ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ വെള്ളത്തിൽ ഓളങ്ങൾ വരും. ഒരു നദിയിലൂടെ യാത്ര ചെയ്യുമ്പോഴുള്ള അനുഭുവമാണ് യാത്രക്കാർക്ക് ഈ പാലം സമ്മാനിക്കുന്നത്.
Read also:സുരേഷ് ഗോപിയെ കാണാൻ എത്തിയ കുട്ടിത്താരം; പഴയകാല ചിത്രം പങ്കുവെച്ച് യുവനടൻ
ഒരേസമയം അത്ഭുതവും ആകാംഷയും സമ്മാനിക്കുന്ന ഈ യാത്ര ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഫ്‌ളോട്ടിങ് പാലത്തിലൂടെയുള്ള യാത്രക്കൊപ്പം പ്രകൃതി സുന്ദരമായ കാഴ്ചകളും ആസ്വദിച്ചാണ് ഈ യാത്ര. നദിയോട് ചേർന്നുള്ള പച്ചപ്പും വലിയ പർവ്വതങ്ങളുമൊക്കെ ഈ യാത്രയെ കൂടുതൽ മനോഹരമാക്കുന്ന ഘടകങ്ങളാണ്.
Story Highlights: floating bridge china