പ്രവേശനമില്ല; അതിശയിപ്പിച്ച് ‘വിലക്കപ്പെട്ട ദ്വീപ്’

September 21, 2020

വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. അതുകൊണ്ടുതന്നെ പ്രകൃതി ഒരുക്കുന്ന പല വ്യത്യസ്ത കാഴ്ചകളും ആസ്വദിക്കാൻ നിരവധിപ്പേരാണ് വിവിധ ഇടങ്ങളിലേക്ക് പോകുന്നത്. അത്തരത്തിൽ ഏറെ പ്രത്യേകതകൾ ഉള്ള പ്രകൃതി മനോഹരമായ ഒരിടമാണ് നിഹാവു. പക്ഷെ കാഴ്ച്ചയിൽ അതിസുന്ദരി ആണെങ്കിലും പുറമെ നിന്നുള്ളവർക്ക് അങ്ങോട്ടേക്ക് പ്രവേശനമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിലക്കപ്പെട്ട ദ്വീപ് എന്ന് കൂടി വിളിപ്പേരുള്ള ഇവിടെ ഇന്റർനെറ്റോ, വൈദ്യുതിയോ, റോഡോ, റെസ്റ്റോറന്റോ ഒന്നുമില്ല. അതേസമയം പണ്ട് രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ദ്വീപ് പിന്നീട് റോബിൻസൺ കുടുംബത്തിന് നൽകിയപ്പോൾ ഈ ദ്വീപ് സമൂഹത്തെ ബാഹ്യ സ്വാധീനത്തിൽ നിന്നും രക്ഷിക്കണമെന്ന് രാജാവ് പറഞ്ഞിരുന്നു. രാജാവിന് നൽകിയ ഈ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്നും പുറത്ത് നിന്നുള്ളവരെ ഈ ദ്വീപിലേക്ക് പ്രവേശിപ്പിക്കാത്തത്.

ഇപ്പോഴും മത്സ്യബന്ധനം നടത്തിയും വേട്ടയാടിയുമാണ് ഈ ദ്വീപിലെ ജനങ്ങൾ ജീവിക്കുന്നത്. സൗരോർജത്തിലാണ് ഇവിടെ സ്കൂളുകളും മറ്റും പ്രവർത്തിക്കുന്നത്. നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ പ്രദേശത്ത് എത്രപേരാണ് ഇപ്പോൾ താമസിക്കുന്നത് എന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇല്ല. ഇവിടെ നിന്നും നിരവധിപ്പേർ മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി പോയിട്ടുണ്ട്. അതേസമയം ഈ ദ്വീപ് ഉടമസ്ഥരായ റോബിൻസൺ കുടുംബത്തിന്റെ അതിഥികളായി ഇവിടേക്ക് പോകാൻ കഴിയും. അതിന് പുറമെ ചാർട്ടേഡ് ഹെലികോപ്റ്ററിൽ ഈ ദ്വീപിന്റെ മുഴുവൻ ആകാശ കാഴ്ചകൾ കണ്ടാസ്വദിക്കാനുമുള്ള അവസരങ്ങൾ ഉണ്ട്.

Story Highlights:niihau forbidden island