തിരമാലകൾക്ക് മുകളിലൂടെ അനായാസം സർഫിങ്ങ് നടത്തി നാലു വയസുകാരൻ
പലപ്പോഴും മുതിർന്നവരെ പോലും അത്ഭുതപ്പെടുത്താറുണ്ട് കുഞ്ഞുങ്ങളുടെ ചില കഴിവുകൾ. അത്തരത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു കുട്ടിത്താരമാണ് നാല് വയസുകാരൻ ജൊവൗ വൈറ്റർ. വളരെയധികം പരിശീലനം ആവശ്യമുള്ള സർഫിങ്ങ് വളരെ അനായാസം നടത്തിയാണ് ഈ കൊച്ചുമിടുക്കൻ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. ബ്രസീൽ സ്വദേശിയായ ജൊവൗ വൈറ്റർ രണ്ടാം വയസിൽ തന്നെ സർഫിങ്ങ് ചെയ്തു തുടങ്ങിയിരുന്നു.
അച്ഛനും ചേച്ചിക്കും ഒപ്പമാണ് ജൊവൗ വൈറ്റർ സർഫിങ് പരിശീലനം ആരംഭിച്ചത്. ജൊവൗ വൈറ്ററുടെ ചേച്ചിയെ അച്ഛൻ സർഫിങ്ങ് പരിശീലിപ്പിക്കുന്നതിനിടെ നിരന്തരമായി ജൊവൗ തനിക്കും സർഫിങ് ബോർഡിൽ കയറണമെന്ന് വാശിപിടിക്കുമായിരുന്നു. ഇതേതുടർന്ന് ഒരിക്കൽ രണ്ട് വയസുകാരനായ ജൊവൗവിനെ പിതാവ് സർഫിങ് ബോർഡിൽ കയറ്റി. എന്നാൽ എല്ലാവരേയും അതുഭുതപ്പെടുത്തികൊണ്ട് കുഞ്ഞു ജൊവൗ ഒരു വിദഗ്ധനെ പോലെ വീഴാതെ ബോർഡിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഇതോടെ ആ പിതാവ് മകനെയും സർഫിങ്ങ് പരിശീലിപ്പിച്ചുതുടങ്ങി.
വളരെ വേഗത്തിൽ സർഫിങ്ങ് പഠിച്ചെടുത്ത ജൊവൗ വിദഗ്ധരായ സർഫർമാരെ പോലെ ആരുടെയും സഹായമില്ലാതെ ഇപ്പോൾ തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാൻ പഠച്ചുകഴിഞ്ഞു. ജൊവൗ സർഫിങ്ങ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് കുഞ്ഞു ജൊവൗവിനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
Story Highlights: Four year old child surfing