‘അച്ഛനാണോ’; ഉണ്ണി മുകുന്ദന് സർപ്രൈസ് ഒരുക്കി ജിപി, വീഡിയോ

September 24, 2020

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങളുടെ സൗഹൃദങ്ങൾ നീണ്ടുപോകാറുണ്ട്. അത്തരത്തിൽ വലിയ സുഹൃത്തുക്കളാണ് ഉണ്ണി മുകുന്ദനും ഗോവിന്ദ് പത്മസൂര്യയും. ഇപ്പോഴിതാ പ്രിയസുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ ജിപി ഒരുക്കിയ സർപ്രൈസാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിറന്നാൾ ദിനത്തിൽ കേക്കുമായി ഉണ്ണി മുകുന്ദന്റെ വീട്ടിൽ ചെന്നു കയറുകയായിരുന്നു ജിപി.

ഉണ്ണി മുകുന്ദന്റെ പിറകിൽ വന്ന് കണ്ണുപൊത്തിയ ജിപിയെ മനസിലാകാതെ ഉണ്ണി ആദ്യം അച്ഛനാണോ എന്നാണ് ചോദിച്ചത്. രസകരമായ ഈ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ജിപി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. ഇന്നലെയായിരുന്നു മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.

‘ബ്രൂസ്‌ ലീ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉണ്ണി മുകുന്ദന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. സിനിമ 25 കോടിയോളം മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’.

മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കൊവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്‌.

അതേസമയം ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.

Story Highlights:govind padmasoorya birthday surprise to unni mukundan