ചടുലമായ വെസ്റ്റേൺ ചുവടുകളുമായി ഗ്രേസ് ആന്റണി- ‘ഗ്രേസ്‌ഫുൾ’ എന്ന് ആരാധകർ

September 25, 2020

‘കുമ്പളങ്ങി നൈറ്റ്സി’ലെ സിമി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഗ്രേസ് ആന്റണി. വളരെ ലളിതവും എന്നാൽ ശക്തവുമായ അഭിനയമുഹൂർത്തങ്ങളാണ് ഗ്രേസ് ഓരോ ചിത്രത്തിലും കാഴ്ചവയ്ക്കുന്നത്. സഹനടിയായി സിനിമയിലേക്കെത്തി ഇപ്പോൾ നായികയായി തിളങ്ങുന്ന ഗ്രേസ് അഭിനയിച്ച രണ്ടുചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഹലാൽ ലൗ സ്റ്റോറിയും, സാജൻ ബേക്കറിയും. സിനിമാതിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ സമയത്ത് നൃത്തപരിശീലനത്തിനാണ് ഗ്രേസ് സമയം കണ്ടെത്തിയത്. ക്ലാസ്സിക്കൽ നൃത്തത്തിൽ ബിരുദാനന്തര ബിരുദമുള്ള ഗ്രേസ് ഇപ്പോഴിതാ, ചടുലമായ ചുവടുകളുമായി അമ്പരപ്പിക്കുകയാണ്.

ഫിഫ്ത്ത് ഹാർമണിയുടെ ‘വർത്ത് ഇറ്റ്’ എന്ന ഗാനത്തിനാണ് ഗ്രേസ് ചുവടുവയ്ക്കുന്നത്. നർത്തകനായ സുഹൈദ് കുക്കുവിനൊപ്പമാണ് ഗ്രേസിന്റെ മനോഹര നൃത്തം. അടുത്തിടെ ജസ്റ്റിൻ ബീബറിന്റെ ‘യമ്മി’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഗ്രേസ് ശ്രദ്ധ നേടിയിരുന്നു. സഹതാരങ്ങളായ അന്ന ബെൻ, നിരഞ്ജന അനൂപ്, പ്രിയ വാര്യർ, നസ്രിയ നസീം എന്നിവർ ഗ്രേസിന്റെ ചുവടുകൾക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്‌’ എന്ന ഗാനത്തിനും ചുവടുവെച്ച് താരം കയ്യടി നേടിയിരുന്നു.

Read More: രോഗപ്രതിരോധം മുതൽ തിളക്കമുള്ള ചർമ്മം വരെ; വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ

അതേസമയം, അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു ഗ്രേസ് ആന്റണി. കുട്ടികൾക്കായി ‘k-നോളജ്’ എന്ന ഹ്രസ്വചിത്രം താരം സംവിധാനം ചെയ്തിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടമായിരുന്നു ചിത്രം പങ്കുവെച്ചത്. സംവിധാനത്തിനൊപ്പം, പുതിയ ചിത്രങ്ങൾക്കായി ഭാരം കുറയ്ക്കുന്ന തിരക്കിലുമായിരുന്നു ഗ്രേസ് ആന്റണി. ‘സിംപിളി സൗമ്യ’ എന്ന ചിത്രത്തിലും ഗ്രേസ് ആന്റണി വേഷമിടുന്നുണ്ട്.

Story highlights- grace antony cover dance