വലിച്ചെറിയരുതേ ഉപയോഗിച്ച മാസ്‌ക്കുകള്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. സംസ്ഥാനത്ത് ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ കരുതലാണ് നമ്മുടെ കരുത്ത് എന്ന് ഓര്‍മ്മിക്കുക.
വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാസ്‌കും ഒക്കെയാണ് കൊവിഡിനെ പ്രതിരോധനിക്കാനുള്ള മാര്‍ഗങ്ങള്‍. സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയുമെല്ലാം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് എല്ലാവരും മാസ്‌ക് ധരിക്കുന്നു. എന്നാല്‍ ഉപയോഗ ശേഷം ഈ മാസ്‌ക് എന്തു ചെയ്യും… ഇങ്ങനെ ഒരു ചോദ്യത്തിന് പലര്‍ക്കും ഉത്തരമില്ല. മാത്രമല്ല വഴിയരികിലും മറ്റും ഉപയോഗ ശേഷം വലിച്ചെറിയപ്പെട്ട ഡിസ്പോസിബിള്‍ മാസ്‌ക്കുകളും ഗ്ലൗസുകളുമൊക്കെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഡിസ്പോസിബിള്‍ മാസ്‌ക്കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെതന്നെ നല്‍കിയതാണ്. എന്നാല്‍ പലരും അത് ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് വാസ്തവം.
ഡിസ്പോസിബിള്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ ഉപയോഗ ശേഷം അവ 72 മണിക്കൂര്‍ നേരം പേപ്പര്‍ ബാഗില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ശേഷം കഷ്ണങ്ങളായി മുറിച്ച് ഇവ കളയാം. പൊതു സ്ഥലങ്ങളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക. മാളുകള്‍ പോലെയുള്ള വ്യാപാര കേന്ദ്രങ്ങളില്‍ മാസ്‌ക്കിനും ഗ്ലൗസിനും പുറമെ പിപിഇ കിറ്റ് ധരിക്കുന്നവരും ഉണ്ട്. ഇവര്‍ ഉപയോഗ ശേഷം പിപിഇ കിറ്റ് മൂന്ന് ദിവസം പ്രത്യേക ബിന്നില്‍ സൂക്ഷിക്കണം. അതിനു ശേഷം കഷ്ണങ്ങളായി മുറിച്ച് കളയാം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ഉപയോഗ ശേഷം മാസ്‌ക്കും ഗ്ലൗസും പിപിഇ കിറ്റുമെല്ലാം കഷ്ണങ്ങളായി മുറിച്ച് കളയണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Story highlights: Guidelines for disposing used mask