വിളർച്ച തടയാൻ വളർത്തിയെടുക്കാം ചില നല്ല ഭക്ഷണ ശീലങ്ങൾ

September 14, 2020

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു രോഗമാണ് വിളർച്ച. വിളർച്ചയുള്ളവരിൽ എപ്പോഴും ക്ഷീണം അനുഭവപ്പെടും. രക്തത്തില ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. സ്ത്രീകളിലാണ് പലപ്പോഴും വിളര്‍ച്ച കണ്ടുവരാറുള്ളത്. വിളര്‍ച്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ചെറുതല്ല. തലകറക്കം, ശ്വാസതടസം, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് വിളര്‍ച്ചയുള്ളവര്‍ നേരിടേണ്ടി വരിക. ഭക്ഷണകാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വിളര്‍ച്ചയെ ഒരു പരിധിവരെ നമുക്ക് തടയാം.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പച്ച നിറത്തിലുള്ള ഇലക്കറികള്‍, മുട്ട, മീന്‍, ഇറച്ചി, ഡ്രൈ ഫ്രൂട്ട്‌സ്, ബീന്‍സ്, നെല്ലിക്ക എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞവയാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പീനട്സ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മാതാളനാരങ്ങയും ഈന്തപ്പഴവും കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇവ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് അനാർ ജ്യൂസ് കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്.

Story Highlights: Health and food habits