സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിച്ചേക്കുമെന്നും അതിനാൽ രണ്ട് ദിവസം കൂടി അതി ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തിൽ പതിമൂന്ന് ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ഒഴുകെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ പതിനൊന്ന് ജില്ലകളിൽ യല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും കേരളാ തീരത്തും ശക്തമായ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights: Heavy rain alert