മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

September 17, 2020

ആരോഗ്യമുള്ള മുടിഎല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എപ്പോഴും മുടി ആരോഗ്യകരമായി നിലനിർത്തുന്നത് പ്രയാസമാണ്. മുടി കൃതൃമമായി ചുരുട്ടുകയും സ്‌ട്രൈറ്റനറുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് മുതൽ അമിത ഷാംപൂ ചെയ്യുന്നതും കോട്ടൺ തലയിണകളിൽ ഉറങ്ങുന്നതും വരെ മുടിക്ക് ദോഷം വരുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയെല്ലാം മുടിയുടെ അറ്റം വിണ്ടുകീറുന്നതിലേക്ക് നയിക്കും. വിണ്ടുകീറലിന് എപ്പോഴും പരിഹാരമായി എല്ലാവരും ചെയ്യുന്നത് അറ്റം മുറിക്കുന്നതാണ്. എന്നാൽ എപ്പോഴും ഇത് ഫലപ്രദമാകില്ല. മുടി മുറിക്കാതെ തന്നെ വിണ്ടുകീറലിന് പരിഹാരം കാണാൻ സാധിക്കും.

മുടി വരണ്ടതും പെട്ടെന്ന് പൊട്ടുന്നതും ആകുമ്പോഴാണ് അറ്റം വിണ്ടുകീറുന്നത്. ബ്ലോ ഡ്രൈയിംഗ്, ചൂട് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, കെമിക്കൽ ഹെയർ ട്രീറ്റ്‌മെൻറുകൾ, മുടിയിൽ ഷാംപൂ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ദിവസേന ചെയ്‌താൽ മുടി വിണ്ടുകീറാൻ തുടങ്ങും.

മുടിയുടെ അറ്റം വിണ്ടുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകരുത്. മുടി നനയുമ്പോൾ വളരെയധികം ദുർബലമായിരിക്കും. അപ്പോൾ അമിതമായി ഷാംപൂ ചെയ്യുകയാണെങ്കിൽ മുടി വിണ്ടുകീറും. കഴിവതും തണുത്ത വെള്ളത്തിൽ മാത്രം മുടി കഴുകാൻ ശ്രമിക്കുക. കാരണം, ചൂടുവെള്ളം മുടിയെ പെട്ടെന്ന് വിണ്ടുകീറലിലേക്ക് നയിക്കും.

ബ്ലോ ഡ്രയറിൽ നിന്നുള്ള ചൂട് അറ്റം വിണ്ടുകീറുന്നതിന് കാരണമാകാം. അതിനാൽ കുറഞ്ഞത് അറ്റം ഒരിക്കലും ബ്ലോ ഡ്രയറിൽ ഉണക്കരുത്. ചൂടുള്ള ഉപകരണങ്ങളെല്ലാം മുടിക്ക് കേടാണ്. കഴിയുന്നത്ര ചൂടുള്ള ഉപകരണങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക. അഥവാ ഉപയോഗിച്ചാലും കുറഞ്ഞ ചൂടിൽ ഉപയോഗിക്കാൻ ശ്രമിക്കുക. എങ്കിലും മുടിയുടെ അറ്റത്ത് ഒരു കാരണവശാലും ഉപയോഗിക്കരുത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മുടിക്ക് വളരെ ദോഷകരമാണ്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മുടി സംരക്ഷണ രീതികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.

കോട്ടൺ തലയിണകൾ മുടി പൊട്ടുന്നതിലേക്ക് നയിക്കും. അതുകൊണ്ട് സിൽക്ക് തലയിണകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ആഴ്ചയിൽ ഒരിക്കൽ ചൂടാക്കിയ വെളിച്ചെണ്ണ മുടിയിൽ പുരട്ടുക. അറ്റം വിണ്ടുകീറുന്നതിൽ നിന്നും രക്ഷനേടാം.

Story highlights- How to Get Rid of Split Ends