സൈബീരിയൻ സമതലത്തിൽ പ്രത്യക്ഷപ്പെട്ടത് പതിനേഴാമത്തെ നിഗൂഢ ഗർത്തം; കാരണം തിരഞ്ഞ് ശാസ്ത്രലോകം
പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അതിനൊപ്പം പ്രകൃതിയിൽ പെട്ടെന്നുണ്ടാകുന്ന പല മാറ്റങ്ങളും അത്ഭുതത്തിനപ്പുറം ഭീതിയും പരത്തുന്നുണ്ട്. അത്തരത്തിൽ ഒരു പ്രതിഭാസമാണ് സൈബീരിയയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢ ഗർത്തം. ഭൂമിക്കടിയിൽ രൂപപ്പെട്ട ഈ തുറന്ന ഗർത്തത്തിന് 164 അടിയിലധികം ആഴമാണുള്ളത്. അതേസമയം സൈബീരിയൻ സമതലത്തിൽ കാണപ്പെടുന്ന പതിനേഴാമത്തെ ഗർത്തമാണിത്. 2014 ലാണ് ആദ്യത്തെ ഗർത്തം ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അതേസമയം ഭൂമിക്കടിയിൽ നിന്നും മീഥേൻ വാതകം പുറംതള്ളപ്പെട്ടതിന്റെ ശക്തിയിലാണ് ഇത്തരമൊരു ഗർത്തം രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ജൂലൈയിലാണ് ഇത്തരമൊരു ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. ഈ പ്രദേശത്ത് കൂടി സഞ്ചരിച്ച ടെലിവിഷൻ സംഘമാണ് ഇത് ആദ്യമായി കാണുന്നത്. പിന്നീട് ഗവേഷകരെ വിവരം അറിയിക്കുകയായിരുന്നു.
ഹൈഡ്രോലക്കോലിത് എന്നാണ് ഇവയെ പൊതുവെ വിളിക്കുന്നത്. ഗർത്തങ്ങൾ രൂപപ്പെടുന്നത് ജനവാസ മേഖലകളിലല്ലാത്തതിനാൽ ഇവയുടെ ഉദ്ഭവം എങ്ങനെയെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ കാലാകാലങ്ങളായി ഭൂമിക്കടിയിൽ ഉള്ള മണ്ണ് ആഗോളതാപനത്തിന്റെ പരിണിതഫലമായി ഉരുകുകയും ഇത് ഭൂമിയുടെ ഉപരിതലത്തിന് തൊട്ടു താഴെയുള്ള വാതകങ്ങളുടെ സാന്ദ്രത വർധിക്കുകയും ചെയ്യുന്നതോടെയാണ് ഇവ പൊട്ടിത്തെറിച്ച് ഗർത്തങ്ങൾ രൂപപ്പെടുന്നത് എന്നുമാണ് പറയപ്പെടുന്നത്.
Story Highlights: Huge hole found out in Siberia