‘മമ്മൂക്കയുടെ ഓട്ടോഗ്രാഫ് വാങ്ങുവാന്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു ചോദ്യം, ‘തൃശൂര്‍ക്കാരിയാണല്ലേ..’- സ്‌നേഹ നിമിഷങ്ങളുടെ ഓര്‍മ്മയില്‍ ജയശ്രീ ശിവദാസ്
ബാലതാരമായി വെള്ളിത്തിരയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയശ്രീ ശിവദാസ്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ജയശ്രീ. തുടര്‍ന്ന് ‘ഭ്രമരം’, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായി. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ എന്‍സിസി യൂണിഫോമില്‍ സല്യൂട്ട് ചെയ്യുന്ന ആ മിടുക്കിയെ മലയാളികള്‍ നേരത്തെ ഹൃദയത്തിലേറ്റിയതാണ്.
അഭിനയത്തിനുപുറമെ ഋത്വ എന്ന മ്യൂസിക് ഷോര്‍ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് താരം. മമ്മൂട്ടിയാണ് ഹ്രസ്വചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയെക്കുറിച്ച് ജയശ്രീ പങ്കുവെച്ച ഒരു കുറിപ്പ്
ജയശ്രീ പങ്കുവെച്ച കുറിപ്പ്
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോ-ഓര്‍ടിനേറ്റര്‍ പ്രദീഷേട്ടന്‍ കൊണ്ട് നിര്‍ത്തിയ പോത്തന്‍വാവ സിനിമയുടെ ലൊക്കേഷന്‍. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അതിലെ ഗാനത്തില്‍ ഒരു മിന്നായം പോലെ എന്നെയും കാണാം.. അന്ന് അത്ഭുത്തോടെയും അല്പം ഭയത്തോടെയും മമ്മൂക്കയുടെ ഓട്ടോഗ്രാഫ് വാങ്ങുവാന്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ചോദിച്ചു ‘തൃശൂര്‍ക്കാരിയാണല്ലേ..’ അതാണു മമ്മൂക്കയുമായുള്ള ആദ്യ നിമിഷങ്ങള്‍.. ഇന്നും മനസ്സില്‍ ഉണ്ട്..
2015 ല്‍ പ്ലസ് ടുവിനു ഫുള്‍ മാര്‍ക്ക് കിട്ടിയ സന്തോഷത്തില്‍ ഇരിക്കുന്ന സമയം ഇരട്ടി മധുരമായ് മമ്മൂക്ക നല്‍കിയ നിമിഷങ്ങള്‍. ‘അമ്മ’ മീറ്റിങ്ങിനിടയില്‍ തോളില്‍ കൈയിട്ടു ഒരു രക്ഷിതാവിനെന്ന പോല്‍ പറഞ്ഞു’ ഇത്രയും മാര്‍ക്ക് ഒക്കെ വാങ്ങിച്ചതു കൊണ്ട് പ്രത്യേകിച്ച് പറയണമെന്നില്ല എന്നാലും പറയാ.. പഠിപ്പ് ഒരിക്കലും വിടരുത്.
ഇനിയും നന്നായി പഠിക്കണം..’
എന്നും എന്നും ഞാന്‍ നിധി പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന കണ്ണുനിറച്ച നിമിഷങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി അന്നും മമ്മൂക്കയുണ്ടായിരുന്നു. സിനിമയുടെ ഭാഗമായി എന്നും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന എന്റെ ഈ ചെറിയ ശ്രമത്തിനു വലിയൊരു പിന്തുണയാണ് മമ്മൂക്ക നല്‍കുന്നത്….
Story highlights: Jayashree Sivadhas About Mammootty