ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സനൽകുമാർ ശശിധരൻ ചിത്രം ‘കയറ്റം’

September 14, 2020

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സനൽകുമാർ ശശിധരൻ ചിത്രം ‘കയറ്റം’ ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി. ഒക്‌ടോബർ ഏഴ് ആരംഭിക്കുന്ന 25 -മത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യർക്ക് പുറമെ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിന് പുറമെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ അഭിനയിയ്ക്കുന്നുണ്ട്.

Read also:ഒറിജിനലിലെ വെല്ലുന്ന രൂപ ഭംഗിയിൽ ഒരുങ്ങിയ കലാസൃഷ്ടികൾ

ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് സിനിമയുടെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നർത്ഥം വരുന്ന ‘അഹർ’ ആണ് ചിത്രത്തിന്‍റെ ടൈറ്റിൽ ആയി നൽകിയിരിക്കുന്നത്.

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.

Story Highlights: Kayattam Film Selected to Busan Film festival