അറിയാം വാണിങ് ട്രയാംഗിളിന്റെ യഥാര്‍ത്ഥ ഉപയോഗം
ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ നിയമങ്ങളെക്കുറിച്ചെല്ലാം കൃത്യമായ അറിവുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. നാല് ചക്രത്തിന് മുകളിലേക്കുള്ള വാഹനം വാങ്ങുമ്പോള്‍ ത്രികോണാകൃതിയിലുള്ള റിഫ്ലക്ഷന് ബോര്‍ഡ് കിട്ടും. അവശ്യ ഘടങ്ങളില്‍ പലരും ഇത് ഉപയോഗിക്കാറില്ല എന്നതാണ് വാസതവം. വാണിങ് ട്രയാംഗിള്‍ എന്നറിയപ്പെടുന്ന ഈ റിഫ്ളക്ഷന്‍ ബോര്‍ഡിന്റെ ശരിക്കുള്ള ഉപയോഗം വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പൊലീസ്.
‘വാണിങ് ട്രയംഗിളിന്റെ കൃത്യമായ ഉപയോഗം മനസ്സിലാക്കാതെ പലരും തെറ്റായി ഇത് വാഹനത്തിന്റെ മുന്നിലും പിന്നിലും സ്ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്നത് കാണാം. വാഹനം പ്രവര്‍ത്തനരഹിതമാകുമ്പോള്‍ വൃക്ഷത്തലപ്പുകളും മറ്റും വാണിംഗ് ആയി വാഹനത്തിന്റെ വശങ്ങളില് തിരുകി വച്ച ശേഷം അറ്റകുറ്റപ്പണികള്‍ നടത്തുന്നതും കാണാം. പലപ്പോഴും രാത്രികാലങ്ങളില്‍ ഇത് മറ്റ് ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെടണമെന്നില്ല. അപകടമുണ്ടാകാനും ഇതിടയാക്കും.’ കേരളാ പൊലീസ് വ്യക്തമാക്കുന്നു.
ഗതാഗതതടസ്സമുണ്ടാകുന്ന രീതിയില്‍, അപകടത്തില്‍പ്പെട്ടോ യന്ത്രതകരാര്‍ മൂലമോ വാഹനം പ്രവര്‍ത്തനം നിലച്ചാല്‍ വാഹനത്തിനോടൊപ്പം തന്നിട്ടുള്ള വാണിങ് ട്രയാംഗിള്‍ പുറകില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ വാഹനത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയായി റോഡില്‍ സ്ഥാപിക്കണം. വാഹനം വഴിയിലായത് ഒരു വളവിന് തൊട്ട് ശേഷമാണെങ്കില്‍ വളവ് തുടങ്ങുന്നതിന് 50 മീറ്റര്‍ മുന്‍പായിട്ടാണ് വാര്‍ണിംഗ് ട്രയാംഗിള്‍ സ്ഥാപിക്കേണ്ടത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡസ് വാര്‍ണിംഗ് ലാംപ് തെളിച്ചിടേണ്ടതാണ്. രാത്രിസമയങ്ങളില്‍ ഇത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ഇക്കാര്യങ്ങള്‍.
Story highlights: Kerala Police Awareness About The Use Of Warning Triangle