കൊച്ചി മെട്രോ നിരക്കില്‍ ഇളവ് വരുത്തി; സര്‍വീസ് തിങ്കളാഴ്ച മുതല്‍
കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസ് സെപ്റ്റംബര്‍ 7 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മെട്രോ സര്‍വീസിന് പ്രത്യേക സമയക്രമവും കെഎംആര്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്. അതേസമയം കൊച്ചി മെട്രോയുടെ നിരക്കില്‍ ഇളവും വരുത്തി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇളവ് വരുത്തിയിരിക്കുന്നത്.
10, 20, 30, 40, 50, 60 എന്നിങ്ങനെ ഉണ്ടായിരുന്ന നിരക്ക് സ്ലാബ് 10, 20, 30, 50 എന്നിങ്ങനെയാക്കി. ഇതുപ്രകാരം 20 രൂപയുടെ ടിക്കറ്റ് എടുത്താല്‍ ഒരാള്‍ക്ക് അഞ്ച് സ്റ്റേഷനുകള്‍ വരെ സഞ്ചരിക്കാം. 30 രൂപയ്ക്ക് 12 സ്റ്റേഷനുകള്‍ വരേയും 50 രൂപയ്ക്ക് പന്ത്രണ്ടിലധികം സ്റ്റേഷനുകളും സഞ്ചരിക്കാം.
അതേസമയം സര്‍വീസ് പുനഃരാരംഭിക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരേയുമായിരിക്കും സര്‍വീസ്.
അതേസമയം ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരേയും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരേയുമായിരിക്കും മെട്രോ സര്‍വീസ് നടത്തുക. കൊവിഡ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്.
Story highlights: Kochi Metro offers in fares