ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കായികരംഗത്തേക്ക്- വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

September 23, 2020

സ്ഥിരമായി വർക്ക്ഔട്ടിനും ബാഡ്മിന്റണും ക്രിക്കറ്റിനുമൊക്കെ സമയം മാറ്റിവയ്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗണിലുടനീളം ശാരീരിക ക്ഷമത നിലനിർത്തുന്നതിലാണ് കുഞ്ചാക്കോ ബോബൻ ശ്രദ്ധ ചെലുത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ പ്രിയപ്പെട്ട കായിക വിനോദമായ ബാഡ്മിന്റണിലേക്ക് തിരികെയെത്തുകയാണ് കുഞ്ചാക്കോ ബോബൻ.

അടുത്തിടെ കാൽമുട്ടിന് ചെറിയ പരിക്കേറ്റെങ്കിലും ഇപ്പോൾ ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. ബാഡ്മിന്റൺ കളിക്കുന്ന വീഡിയോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. ഫിറ്റ്‌നസ് ഗൗരവമായി എടുത്ത ദിവസം മുതൽ കുഞ്ചാക്കോ കൂടുതൽ ഊർജസ്വലനാണ്. കഴിഞ്ഞ വർഷമാണ് കുഞ്ചാക്കോ ബോബൻ വർക്ക്ഔട്ട് ചെയ്യുന്നത് ശീലമാക്കിയത്. അതിനുമുമ്പുള്ള പത്തുവർഷക്കാലം അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും അടുത്തിടെ അദ്ദേഹം പങ്കുവെച്ചിരുന്നു.

‘ഏതാണ്ട് പത്ത് വർഷമായി, എന്റെ തോളിൽ, പ്രത്യേകിച്ച് വലതു തോളിൽ ചില പ്രധാന പ്രശ്നങ്ങൾ ഞാൻ നേരിടുന്നുണ്ടായിരുന്നു. ഒരു ലിഗ്മെന്റിന്റെ ഉളുക്ക് എന്നെ ഒരു ദശാബ്ദക്കാലം അലട്ടിക്കൊണ്ടിരുന്നു. ഒരു നിശ്ചിത പരിധിക്ക് മുകളിൽ വലതുകൈ ഉയർത്താൻ എന്റെ ഇടതു കൈകൊണ്ട് താങ്ങിപിടിക്കേണ്ടി വന്ന ദിവസങ്ങൾ, എനിക്ക് ബാഡ്മിന്റൺ കളിക്കാനോ ക്രിക്കറ്റ് കളിക്കാനോ കഴിയാത്ത ദിവസങ്ങൾ’ എന്ന കുറിപ്പിനൊപ്പം വർഷങ്ങൾക്ക് ശേഷം പുഷ് അപ്പ് ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.

Story highlights- kunchacko boban about badminton