‘അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനമെന്ന നിലയിലും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച നിലയിലും ഈ പിറന്നാൾ സ്പെഷ്യലാണ്’- മിഥുൻ മാനുവലിന് ഹൃദ്യമായ പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ
2019 ലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ‘അഞ്ചാം പാതിര’ ഹിറ്റായിരുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് കരിയറിലെ ഏറ്റവും മികച്ച ചിത്രം നൽകാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസിന് സാധിച്ചു. അതുകൊണ്ടു തന്നെ, വൈകിയാണെങ്കിലും മിഥുൻ മാനുവലിന് വളരെ ഹൃദ്യമായൊരു ജന്മദിനമാണ് കുഞ്ചാക്കോ ബോബൻ നേർന്നത്.
അഞ്ചാം പാതിരയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട മിസ്റ്റർ ബ്ലോക്ക്ബസ്റ്റർ ഡയറക്ടർ, എംഎംടി അല്ലെങ്കിൽ മിഥുൻ മാനുവൽ തോമസ്. നമ്മുടെ നല്ലൊരു ചിത്രം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.അതുകൊണ്ടാണ് ആശംസകളറിയ്ക്കാൻ വൈകിയത്. അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനമെന്ന നിലയിലും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച നിലയിലും ഈ പിറന്നാൾ സ്പെഷ്യലാണെന്ന് എനിക്കറിയാം . ഇനിയും നിരവധി വർഷങ്ങളോളം സന്തോഷവും ആരോഗ്യവും നിങ്ങൾക്ക് നേരുന്നു’ കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അഞ്ചാം പാതിര’ അമ്പത് കോടി ക്ലബിലും ഇടം നേടിയിരുന്നു. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന് എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.
കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരായുടെ നിര്‍മാണം നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീതവുമൊരുക്കി.
Story highlights- Kunchacko Boban sends birthday wishes to Midhun Manuel Thomas