‘എങ്കേയും എപ്പോതും സന്തോഷം സംഗീതം’; പാട്ടിന്റെ കാമുകൻ എസ് പി ബിയുടെ ഓർമ്മയിൽ
മണ്ണിൽ പ്രണയമില്ലാതെ ജീവനില്ലെന്ന് പാടിയ പാട്ടിന്റെ കാമുകനാണ് എസ് പി ബാലസുബ്രഹ്മണ്യം… മനോഹരമായ പാട്ടുകളിലൂടെ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും കേൾവിക്കാർക്ക് സമ്മാനിച്ച ഈ കലാകാരൻ ഓർമ്മയാകുമ്പോൾ ഇന്ത്യൻ സിനിമ ലോകത്തിന് നഷ്ടമാകുന്നത് ഒരു അത്ഭുത കലാകാരനെക്കൂടിയാണ്. 2020 ലെ നഷ്ടകണക്കുകളുടെ പുസ്തകത്തിൽ ഒരു പേര് കൂടി ചേർക്കപ്പെട്ടു. എസ് പി ബാലസുബ്രഹ്മണ്യം എന്ന ബാലുവിന്റെ പേര്…
‘എങ്കേയും എപ്പോതും സന്തോഷം സംഗീതം’ എന്ന അദ്ദേഹത്തിന്റെ പാട്ടിലെ വരികൾ സംഗീതം ജീവവായുവാക്കി മാറ്റിയ എസ് പി ബിയുടെ ജീവിതമാണ് പറഞ്ഞുവയ്ക്കുന്നത്.. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വാങ്ങി വിസ്മയിപ്പിച്ചതാണ് എസ് പി ബി. 1966-ലെ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് ചുവടുവെച്ചത്. അതിനു ശേഷം 39,000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടി. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്പി ബി അത്ഭുതമായി മാറിയിട്ടുണ്ട്.
പ്രണയം തുളുമ്പുന്ന പാട്ടുകളാണ് എസ് പി ബിയുടെ ശബ്ദത്തിലൂടെ ഇന്ത്യൻ സംഗീതാസ്വാദകർ കൂടുതലും കേട്ടത്. ‘ശാന്തിനിലയം’ എന്ന സിനിമയിൽ പി സുശീലയൊടൊപ്പം പാടിയ ‘ഇയർകൈ എന്നും ഇളയകനി’ എന്ന ഗാനം തമിഴ് സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനം എം ജി ആറിന്റെ ഹൃദയവും കവർന്നു. ‘അടിമപ്പെൺ’ എന്ന സിനിമയിൽ കെ വി മഹാദേവന്റെ സംഗീതത്തിൽ എം ജി ആറിന് വേണ്ടി പാടിയ ‘ആയിരം നലവേ വാ’ ഹിറ്റായതോടെ തമിഴകം എസ്പി ബിയെ നെഞ്ചിലേറ്റി. പിന്നീടങ്ങോട്ട് സംഗീതാസ്വാദകരുടെ ഹൃദയത്തിലായിരുന്നു എസ് പി ബിയുടെ സ്ഥാനം.
കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും…’ എന്ന ഗാനമാണ് എസ് പി ബിയുടെ ആദ്യമലയാള ഗാനം. ‘റാംജിറാവു സ്പീക്കിങ്ങി’ലെ ‘കളിക്കളം’. ‘സിഐഡി മൂസ’യിലെ ‘മേ നെ പ്യാർ കിയാ’ തുടങ്ങിയ ഗാനങ്ങളും മലയാളികൾ നെഞ്ചേറ്റിയ അദ്ദേഹത്തിന്റേ ഗാനങ്ങളാണ്.
1980 മുതൽ 1000 ലധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ- എസ് പി ബാലസുബ്രഹ്മണ്യം കൂട്ടുകെട്ടിൽ പിറന്നത്. പാട്ടുകാരന്, സംഗീത സംവിധായകന്, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ് എസ് പി ബി. രജനീകാന്ത്, കമലാഹാസന് എന്നിവരുടെ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ ഈ താരങ്ങള്‍ക്കു ശബ്ദം നല്‍കുന്നത് ഇദ്ദേഹമായിരുന്നു. ഇതോടൊപ്പം നിരവധി തെലുങ്കു ചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുണ്ട് എസ് പി ബി.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പെടെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Story Highlights:life and career of sp balasubrahmanyam