ഇത് ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് രുചി വിൽക്കാൻ ഇറങ്ങിയ ചെറുപ്പക്കാരന്റെ കഥ; അത്ഭുതമായി മുനാഫ്
‘പഠിച്ച് ഉയർന്ന ജോലി സമ്പാദിക്കണം’.. ഇങ്ങനെ സ്വപ്നം കാണുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഉള്ള ജോലി ഉപേക്ഷിച്ച് സമൂസ വിൽക്കാൻ ഇറങ്ങിയ ഒരു ചെറുപ്പക്കാരനാണ് കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ താരം. അതും ഗൂഗിളിലെ അക്കൗണ്ട് സ്ട്രാറ്റെജിസ്റ്റ് ജോലി ഉപേക്ഷിച്ചാണ് ഈ എംബിഎക്കാരന്‍ മുനാഫ് കപാഡിയ സമൂസ വിൽക്കാൻ മുംബൈ നഗരത്തിലേക്ക് ഇറങ്ങിയത്.
എന്നാൽ ഈ സമൂസ ഒരു സാധാരണ സമൂസയല്ല. രുചിഭേദങ്ങൾ തേടിപ്പോകുന്ന ലോകത്തിലെ മുഴുവൻ ആളുകളും എത്തിച്ചേരുന്നത് മുനാഫിന്റെ സ്‌പെഷ്യൽ സമൂസയുടെ രുചിയറിയാനാണ്. ദാവൂദി ബോഹ്‌റി സമൂഹത്തിന്റെ തനത് രുചികളാണ് മുനാഫ് തന്റെ കടയിൽ എത്തുന്നവർക്കായി വിളമ്പുന്നത്. മുനാഫും ‘അമ്മ നഫീസയും ചേർന്നാണ് തങ്ങളുടെ തനതായ രുചിയിൽ ഭക്ഷണങ്ങൾ ഒരുക്കുന്നത്. ഇവരുടെ ദ് ബോഹ്‌റി കിച്ചൺ സമൂഹ മാധ്യമങ്ങളിലും മുംബൈ നഗരത്തിലും പ്രശസ്തമായതോടെ 1500 രൂപ മുതല്‍ 3500 രൂപ വരെ നൽകി ബുക്ക് ചെയ്ത് നിരവധിപ്പേരാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നത്.
2015 ലാണ് ദ് ബോഹ്‌റി കിച്ചണ്‍ ഔദ്യോഗികമായി ആരംഭിച്ചത്. ബോളിവുഡ് താരം റാണി മുഖർജി,റിഷി കപൂർ തുടങ്ങി നിരവധി താരങ്ങൾ ഇവിടുത്തെ സ്ഥിരം വിരുന്നുകാരായിരുന്നു. ഫോര്‍ബ്‌സ് ഇന്ത്യയുടെ 30 അണ്ടര്‍ 30 പട്ടികയിലും മുനാഫ് ഇടം നേടിയിട്ടുണ്ട്. 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 35 ലക്ഷത്തോളം രൂപ ദ് ബോഹ്‌റി കിച്ചണ്‍ വരുമാനമുണ്ടാക്കി.
Story Highlights: Life of Munaf Kapadia