കന്നഡ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാളി സംവിധായകൻ; നായികയായി ഭാവന
അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന കന്നഡ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാളി സംവിധായകൻ സലാം ബാപ്പു. കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖർ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രത്തിനാണ് സലാം ബാപ്പു തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ മുഴുവൻ ആരാധകരുള്ള ഭാവനയാണ്. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് എൻ. ആണ് ചിത്രം നിർമിക്കുന്നത്. മൈസൂരിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നായകനായി വേഷമിടുന്നത് ഡാർലിംഗ് കൃഷ്ണയാണ്.
അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ് ‘ഇൻസ്പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം പുറത്തെത്തിയിരുന്നു.
‘നമ്മള്’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.
Story Highlights: Malayalam director salam bappu debuts in kannada as a scriptwrite