കൊവിഡ്; ‘ദി പ്രീസ്റ്റ്’ ചിത്രീകരണം നീട്ടി

September 21, 2020

ലോക്ക് ഡൗണിന് ശേഷം മലയാള സിനിമ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ചിത്രീകരണം ആരംഭിക്കാനിരുന്ന മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രം ‘ദി പ്രീസ്റ്റ്’ ചിത്രീകരണം നീട്ടി. ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ചിലർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം നീട്ടിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ചിത്രം മലയാളികളുടെ എക്കാലത്തേയും സ്വപ്നമാണ്. ആ ആഗ്രഹം സഫലമാകുക കൂടിയാണ് ദി പ്രീസ്റ്റിലൂടെ. അതേസമയം ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നത്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരുങ്ങിയ ചിത്രമാണ് അടുത്തിടെ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത് ഫഹദ് ഫാസിൽ ചിത്രം സി യു സൂൺ. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരംഭിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

Story Highlights: mammootty film the priests shooting extended