ലോക്ക് ഡൗണിൽ മമ്മൂട്ടി കാത്തിരുന്ന അതിഥി എത്തി; ആവേശത്തോടെ സൺഡ്രോപ്പ് പഴങ്ങൾ വിളവെടുത്ത് മമ്മൂട്ടി
നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഏറെ ചർച്ചയായത് മകൾ സുറുമി സമ്മാനിച്ച കേക്ക് ആണ്. കാടും മലയും പഴങ്ങളുമൊക്കെ നിറഞ്ഞ മമ്മൂട്ടിയുടെ പിറന്നാൾ കേക്കിൽ ഏറ്റവും ശ്രദ്ധേയമായത് മുകളിൽ നൽകിയ സൺഡ്രോപ്പ് ചെടിയും പഴവുമായിരുന്നു. മമ്മൂട്ടി തന്റെ കൃഷിത്തോട്ടത്തിൽ ഏറ്റവും കരുതലോടെ കാത്തുസൂക്ഷിക്കുന്ന സൺഡ്രോപ്പിന് അച്ഛന്റെ മനസറിഞ്ഞ് മകൾ കേക്കിലും ഇടമൊരുക്കി. ഇപ്പോഴിതാ, ലോക്ക് ഡൗൺ സമയത്ത് നേരിട്ട് തന്നെ പരിചരിച്ച സൺഡ്രോപ്പ് പഴങ്ങൾ വിളവെടുക്കുന്ന ചിത്രം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 200 ദിവസത്തോളമായി മമ്മൂട്ടി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്. ഈ ദിവസങ്ങൾകൊണ്ട് അദ്ദേഹമൊരു ഉദ്യാനപാലകനായി മാറിയെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കിയിരുന്നു. ഒരു ഡ്രൈവിന് എങ്കിലും പോകാൻ പറഞ്ഞിട്ടും വാപ്പച്ചി വീട്ടിൽ നിന്നും പുറത്തിറങ്ങിയതേയില്ലന്ന് ദുൽഖർ പറഞ്ഞിരുന്നു. മക്കളെപ്പോലെ തന്നെ പരിചരിച്ച സൺഡ്രോപ്പ് പഴം വിളവെടുക്കുമ്പോൾ ആ സന്തോഷം മമ്മൂട്ടിയുടെ മുഖത്തുണ്ട്.
കേരളത്തിൽ അധികം കണ്ടിട്ടില്ലാത്ത സൺഡ്രോപ്പ് സൗത്ത് അമേരിക്കൻ ഫലമാണ്. അധികം ഉയരം വയ്ക്കാതെ കുറ്റി ചെടി ആയി വളരുന്ന സണ്‍ഡ്രോപ്പ് വലിയ ചട്ടികളിലും , തറയിലും ഒരുപോലെ വളരും .കേരളത്തിലെ കാലാവസ്ഥ യിൽ മികച്ച വളർച്ച കാണിക്കുന്ന സണ്‍ഡ്രോപ്പ് 3 – 4 വർഷം കൊണ്ട് കായ്ക്കും . പാഷൻ ഫ്രൂട്ട് പോലെ ചെറിയ പുളിയും നല്ല സുഗന്ധവും സണ്‍ഡ്രോപ്പ് പഴങ്ങൾക്കുണ്ട്.
Story highlights- Mammootty harvests sundrop fruit