ഏറെക്കാലമായുള്ള സ്വപ്നം; പുത്തന്‍ ക്യാമറ സ്വന്തമാക്കിയ വിശേഷങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി
സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന മമ്മൂട്ടിക്ക് അഭിനയം പോലെ പ്രിയപ്പെട്ടതാണ് ക്യാമറയും. ഫോട്ടോഹ്രാഫിയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും പ്രകടമാകാറുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ ഒരു സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് താരം.
പുതിയ ഒരു ക്യാമറയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കാനണ്‍ ഇഒഎസ് ആര്‍5 എന്ന ക്യാമാറയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചെറിയൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഈ ക്യാമറ സ്വന്തമാക്കുക എന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നുവെന്നും ഇപ്പോള്‍ ആ അഗ്രഹം സഫലമായെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഒരു ക്ലിക്കിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
മൂന്ന് ലക്ഷത്തോളം രൂപയാണ് ഈ ക്യാമറയുടെ വില. 45 മെഗാപിക്‌സല്‍ ക്ലാരിറ്റിയില്‍ സെക്കന്റില്‍ 20 ഫ്രെയിംസ് പകര്‍ത്താനാകും. മാത്രമല്ല കുറഞ്ഞ വെളിച്ചത്തിലും മനോഹര ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നതും ഈ ക്യാമറയുടെ പ്രത്യേകതയാണ്.
അതേസമയം വണ്‍ ആണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇനി തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന ചിത്രം. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.
‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്സ്. ‘വണ്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Story highlights: Mammootty shares a video of his new gadget