അനിയനെ ചേർത്ത് പിടിച്ച് ഇച്ചാക്ക- മമ്മൂട്ടിക്കൊപ്പമുള്ള സ്നേഹചിത്രം പങ്കുവെച്ച് ഇബ്രാഹിം കുട്ടി
പിറന്നാൾ ആഘോഷങ്ങൾക്കും ആശംസാപ്രവാഹങ്ങൾക്കും ഇടയിൽ മമ്മൂട്ടിക്കൊപ്പമുള്ള ഒരു സ്നേഹചിത്രം പങ്കുവെച്ചിരിക്കുകയാണ് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. അറുപത്തിയൊൻപതാം പിറന്നാൾ ദിനത്തിലെ ആഘോഷങ്ങൾക്കിടയിൽ സഹോദരങ്ങൾ സ്നേഹം പങ്കിടുന്ന ചിത്രമാണ് ഇബ്രാഹിം കുട്ടി പങ്കുവെച്ചിരിക്കുന്നത്. ഇബ്രാഹിം കുട്ടിയെ ചേർത്തുപിടിച്ച് സന്തോഷചിരിയോടെയാണ് മമ്മൂട്ടിയും നിൽക്കുന്നത്.
വൈക്കത്തിന് സമീപമുള്ള ചെമ്പിൽ ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മക്കളായാണ് മമ്മൂട്ടിയും ഇബ്രാഹിം കുട്ടിയും ജനിച്ചത്. ഇവർക്ക് സക്കറിയ, ആമിന, സൗദ, ഷഫീന എന്ന സഹോദരങ്ങളുമുണ്ട്. മൂത്ത സഹോദരനായ മമ്മൂട്ടിയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തിയത് ഇബ്രാഹിം കുട്ടി മാത്രമാണ്.
ഇബ്രാഹിം കുട്ടിയെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മമ്മൂട്ടിയെ ഇച്ചാക്കയെന്നാണ് കുടുംബത്തിലുള്ളവരും അടുപ്പമുള്ളവരും വിളിക്കുന്നത്. ഇബ്രാഹിം കുട്ടിയും പൊതുവേദികളിൽ പ്രിയപ്പെട്ട ഇച്ചക്കയെക്കുറിച്ച് വാചാലനാകാറുണ്ട്.
അഭിനയരംഗത്തും എഴുത്തിലുമെല്ലാം സജീവമാണ് ഇബ്രാഹിം കുട്ടി. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനലും ഇബ്രാഹിം കുട്ടി ആരംഭിച്ചിരുന്നു. സഹോദരന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് മമ്മൂട്ടിയും എത്തിയിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ മമ്മൂട്ടിയുടേയും സഹോദരങ്ങളുടേയുമെല്ലാം വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.
story highlights- Mammootty’s photo with ibrahim kutty